Connect with us

Kasargod

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് കാസര്‍ഗോഡ് എംപി

റിഹേഴ്‌സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ച്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

കാസര്‍ഗോഡ്| റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍. റിഹേഴ്‌സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ച്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് നടന്ന റിപ്പബ്ലിക് ദിനപരിപാടിയിലാണ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയില്‍ ഉയര്‍ത്തുകയായിരുന്നു.

കളക്ടറുടെ ചുമതലയുള്ള എഡിഎം എകെ രാമചന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍. ജില്ലയിലെ എംപിയും എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ കളക്ടറുടെ ചുമതലയുള്ള എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.

 

Latest