Kerala
കാസര്‍കോട്ട് അത്യാധുനിക സൗകര്യങ്ങളുള്ള പബ്ലിക് ലാബ് ആറു മാസത്തിനകം: മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം | കാസര്‍കോട്ട് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് 1.25 കോടി മുടക്കി ലാബിനായി രണ്ട് നില കെട്ടിടം നിര്‍മിച്ചിരുന്നു. ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആയി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 1.25 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ആവശ്യമായ ഫര്‍ണിച്ചറുകളും പരിശോധനാ സാമഗ്രികളും സജ്ജമാക്കും. ലബോറട്ടറി സൗകര്യം കുറഞ്ഞ കാസര്‍കോട്ട് പുതിയ പബ്ലിക് ഹെല്‍ത്ത് ലാബ് ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര സഹായത്താല്‍ 2026 ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. നിലവിലെ പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും. പബ്ലിക് ഹെല്‍ത്ത് ലാബില്ലാത്ത ജില്ലകളില്‍ പുതുതായി ലാബുകള്‍ സ്ഥാപിക്കും. പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചേതര വ്യാധികള്‍, ഹോര്‍മോണ്‍ പരിശോധന, കൊവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഇത്തരം ലാബുകളില്‍ ചെയ്യാന്‍ സാധിക്കും. പത്തോളജി, മൈക്രോബയോളജി, വൈറോളജി പരിശോധനകളും സാധ്യമാകും.
ഒ പി, ഐ പി ബാധകമല്ലാതെ ഡോക്ടറുടെ കുറിപ്പടിയോട് കൂടി ഏതൊരാള്‍ക്കും പബ്ലിക് ഹെല്‍ത്ത് ലാബിന്റെ സേവനം ലഭ്യമാണ്. ബി പി എല്‍ വിഭാഗക്കാര്‍ക്ക് എല്ലാവിധ പരിശോധനകളും സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. എ പി എല്‍ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ തീരുമാന പ്രകാരമുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.