Connect with us

Articles

കശ്മീര്‍: ഫെഡറലിസമാണ് നിലനില്‍ക്കേണ്ടത്, ഏകത്വമല്ല

ജമ്മു കശ്മീരിലെ അധികാര കേന്ദ്രീകരണം ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം കേന്ദ്രീകരണം യഥാര്‍ഥത്തില്‍ രാജ്യത്തിന്റെ അടിസ്ഥാന താത്പര്യങ്ങള്‍ നിറവേറ്റുന്നുണ്ടോ? ജമ്മു കശ്മീരിലുണ്ടായത് പോലെ ഫെഡറലിസം നിരാകരിക്കപ്പെടുമ്പോള്‍, രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരാശയമാണ് തകരുന്നത്. വൈവിധ്യങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളുടെ ഒരു യൂനിയന്‍ എന്ന നിലയിലാണ് ഇന്ത്യയുടെ ശക്തി.

Published

|

Last Updated

ആര്‍ട്ടിക്കിള്‍ 370 പുനരുജ്ജീവിപ്പിക്കുന്ന ആവശ്യം മുന്‍നിര്‍ത്തി അവതരിപ്പിച്ച ‘പ്രത്യേക പദവി പുനഃസ്ഥാപിക്കല്‍ പ്രമേയ’ത്തെ ചൊല്ലി ജമ്മു കശ്മീര്‍ അസ്സംബ്ലിയില്‍ ഈ മാസം ആറിന് അസ്വാഭാവിക സംഭവങ്ങള്‍ നടക്കുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ നിയമം (2019) ജമ്മു കശ്മീരിന്റെ സവിശേഷമായ സാംസ്‌കാരികത ഇല്ലാതാക്കുക മാത്രമല്ല രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ കൂടെ ചോദ്യം ചെയ്യുന്നുവെന്ന് രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ആരോപിക്കുന്നു. ഈ റദ്ദാക്കല്‍ നടപടി 2019 മുതല്‍ സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധത്തിനും ഒന്നര വര്‍ഷത്തിലധികം നീണ്ടുനിന്ന ഇന്റര്‍നെറ്റ് ഉപരോധത്തിനും കാരണമായി. കേന്ദ്ര സര്‍ക്കാറിന്റെ ‘ഒരു രാഷ്ട്രം, ഒരു നിയമം’ എന്ന ഇത്തരം ഏകത്വ നയങ്ങള്‍ വര്‍ഗീയ രാഷ്ട്രീയ ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നതെന്ന് ആര്‍ക്കും വ്യക്തമാണല്ലോ.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ദേശീയ ഐക്യത്തിന്റെ പേരിലാണ് നടപ്പാക്കിയത്. ഈ നീക്കം സുപ്രധാനമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരം എന്തിന് പ്രത്യേകം എടുത്തുകളയുന്നു? ഇന്ത്യയിലുടനീളമുള്ള പ്രദേശങ്ങള്‍ 371, 240 പോലുള്ള ആര്‍ട്ടിക്കിളുകള്‍ക്ക് കീഴില്‍ സമാന പരിരക്ഷകളും പ്രത്യേകാവകാശങ്ങളും ആസ്വദിക്കുന്നുണ്ട്. ഇവിടെ, ജമ്മു കശ്മീര്‍ മാത്രം വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഇരയായെന്ന് വേണം മനസ്സിലാക്കാന്‍.

ആര്‍ട്ടിക്കിള്‍ 371 (എ – ജെ)
ആര്‍ട്ടിക്കിള്‍ 371 (എ മുതല്‍ ജെ വരെ) പ്രകാരമുള്ള സ്വയംഭരണാവകാശത്തില്‍ നിന്നുകൊണ്ട് മറ്റ് പ്രദേശങ്ങള്‍ ഇപ്പോഴും പരിരക്ഷകള്‍ നേടുന്നു. നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍ പ്രദേശ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വ്യാപകമായ സ്വയംഭരണം ആസ്വദിക്കുന്നു. നാഗാലാന്‍ഡിന്റെ ‘നാഗാ കസ്റ്റം ആര്‍മി ലോ’ പല കാര്യങ്ങളിലും ദേശീയ നിയമത്തിന്മേല്‍ അധികാരമുള്ളതാണ്. മറ്റ് സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, കര്‍ണാടകയുടെ ചില ഭാഗങ്ങള്‍ എന്നിവക്കും സമാനമായ സംരക്ഷണമുണ്ട്. ഈ വ്യവസ്ഥകള്‍ എപ്പോഴെങ്കിലും പരിശോധിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യാറില്ല. ദേശീയ വ്യവഹാരത്തില്‍ ഇവ വെല്ലുവിളിക്കപ്പെടാതെ തുടരുന്നു. ആര്‍ട്ടിക്കിള്‍ 371 – ഭൂമി, വിഭവങ്ങള്‍, നിയമനിര്‍മാണം, സ്വയംഭരണം എന്നിവക്ക് മേലുള്ള അവകാശങ്ങള്‍ക്കൊപ്പം ഈ പ്രദേശങ്ങളുടെ സാംസ്‌കാരിക തനിമയുടെ സംരക്ഷണം ഉറപ്പാക്കുന്നു. അപ്പോള്‍ എങ്ങനെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാത്രം ദേശീയ ഐക്യത്തിന് തടസ്സമാകുന്നത്?

ആര്‍ട്ടിക്കിള്‍ 240
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആര്‍ട്ടിക്കിള്‍ 240 പ്രകാരം പ്രത്യേക വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭരണപരമായ സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ട്. വിശാലമായ അധികാരങ്ങള്‍ കൈവശമുള്ള കേന്ദ്രം നിയമിച്ച ഭരണാധികാരികള്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങളാണിതെല്ലാം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്നെ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളും ഗവര്‍ണറുടെ അമിതാധികാരവും പ്രതിഷേധത്തിനും പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഈ നയങ്ങള്‍ പ്രാദേശിക സ്വയം ഭരണത്തെ തുരങ്കം വെക്കുന്ന രാഷ്ട്രീയ പ്രേരിതമായ സമീപനമായിരുന്നു. ഇവയെല്ലാം ഫെഡറലിസത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതക്കു മേല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഡല്‍ഹിയും പുതുച്ചേരിയും പോലെയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് പരിമിതമായ നിയമനിര്‍മാണ അധികാരങ്ങളും അനുവദിക്കുന്നുണ്ട്. എങ്കിലും പൊതുക്രമം പോലുള്ള പ്രധാന വിഷയങ്ങള്‍ കേന്ദ്ര നിയന്ത്രണത്തിലാണ്.

പ്രത്യേകം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു
2019ലെ ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം പ്രദേശത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചു- ജമ്മു കശ്മീര്‍, ലഡാക്ക്. ഈ നീക്കം പ്രദേശത്തിന്റെ സ്വയംഭരണ സ്വഭാവം ഇല്ലാതാക്കുക മാത്രമല്ല നേരിട്ടുള്ള കേന്ദ്ര ഭരണം അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ വളരെ പരിമിതമായ നിയമനിര്‍മാണ അധികാരങ്ങളുള്ള ഒരു കേന്ദ്ര ഭരണ പ്രദേശമായി മാറി. അതേസമയം ലഡാക്ക് പൂര്‍ണമായും കേന്ദ്ര ഭരണ പ്രദേശമായി മാറി. ഒരു ഏകീകൃത നിയമ ചട്ടക്കൂടിനുള്ള കാഴ്ചപ്പാടിന്റെ ഭാഗമായി ഈ തീരുമാനം ന്യായീകരിക്കപ്പെട്ടു. ജമ്മു കശ്മീരിനെ ഒറ്റപ്പെടുത്തുകയും സമാന പ്രത്യേകാവകാശങ്ങളുള്ള മറ്റ് പ്രദേശങ്ങളെ ഇത്തരം നിയമങ്ങള്‍ ബാധിക്കാതിരിക്കുകയും ചെയ്യുന്ന സെലക്ടീവ് സമീപനം തീര്‍ത്തും പക്ഷപാതപരമാണ്.

ജമ്മു കശ്മീരിനെ ഒറ്റപ്പെടുത്തുന്നത്, കേന്ദ്ര സര്‍ക്കാറിന്റെ ഫെഡറലിസത്തോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള തുടര്‍ച്ചയായ അവഗണനകളുടെ ഭാഗമായേ കാണാനാകൂ. നിലവില്‍ ആ പ്രദേശത്തെ ഭരണസ്ഥാപനങ്ങള്‍ യഥാര്‍ഥ നിയമനിര്‍മാണ ശക്തിയില്ലാതെ പേരിന് മാത്രമായി ചുരുങ്ങുന്നു. ഇത് ഐക്യത്തിലേക്കുള്ള ഒരു ചുവടുവെപ്പല്ല, മറിച്ച് ഇന്ത്യയുടെ ബഹുസ്വര അടിത്തറയെ ഭീഷണിപ്പെടുത്തുന്നതാണ്.

ഫെഡറലിസം – യൂനിഫോമിറ്റി
മേല്‍പ്പറഞ്ഞ പുനഃസംഘടനാ നിയമം രാജ്യത്തിന്റെ ഫെഡറല്‍ തത്ത്വങ്ങളെ പൊളിച്ചെഴുതി. ഇന്ത്യയുടെ ഫെഡറല്‍ ഘടന സഹകരണത്തിന്റേതാണ.് അതുകൊണ്ടാണ് പല രാഷ്ട്രീയ വിദഗ്ധരും അതിനെ കോ ഓപറേറ്റീവ് ഫെഡറലിസം എന്ന് വിശേഷിപ്പിച്ചത്. ഈ ഘടന ഒരു സാങ്കേതിക ക്രമീകരണം മാത്രമല്ല; മറിച്ച് സംസ്ഥാനങ്ങളുടെ ഒരു യൂനിയന്‍ എന്ന നിലയിലുള്ള രാജ്യത്തിന്റെ ഐഡന്റിറ്റിയുടെ ആണിക്കല്ല് കൂടിയാണ്. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതിന്റേതായ സാംസ്‌കാരികവും ഭാഷാപരവും ചരിത്രപരവുമായ പശ്ചാത്തലമുണ്ട്. ഭരണഘടനയനുസരിച്ച്, ഇന്ത്യയുടെ ഏകത്വം അതിന്റെ നാനാത്വത്തിലാണ്. കേന്ദ്ര സര്‍ക്കാറും സംസ്ഥാനങ്ങളും തമ്മില്‍ അവരുടെ വ്യതിരിക്തമായ സ്വത്വം സംരക്ഷിക്കുന്നതിനായി അധികാരങ്ങള്‍ പങ്കിടുന്നു. ഒരു ഏകീകൃത രാജ്യത്തിന്റെ ഭാഗമായി നിലകൊള്ളുമ്പോള്‍ തന്നെ ഭൂമി, നിയമം, വിഭവങ്ങള്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ സ്വയംഭരണാധികാരം പ്രയോഗിക്കാന്‍ ഫെഡറലിസം സംസ്ഥാനങ്ങളെ അനുവദിക്കുന്നു. ഈ സന്തുലിതാവസ്ഥ, ഭരണം പ്രാദേശിക സന്ദര്‍ഭങ്ങളോട് സംവേദനക്ഷമതയുള്ളതാണെന്ന് ഉറപ്പാക്കുന്നു. തുടര്‍ന്ന് എല്ലാവരോടും യോജിക്കുന്ന ഒരു സമീപനം നടപ്പാവുന്നു.

ജമ്മു കശ്മീരിലെ അധികാര കേന്ദ്രീകരണം ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം കേന്ദ്രീകരണം യഥാര്‍ഥത്തില്‍ രാജ്യത്തിന്റെ അടിസ്ഥാനപരമായ താത്പര്യങ്ങള്‍ നിറവേറ്റുന്നുണ്ടോ? ജമ്മു കശ്മീരിലുണ്ടായത് പോലെ ഫെഡറലിസം നിരാകരിക്കപ്പെടുമ്പോള്‍, രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരാശയമാണ് തകരുന്നത്. വൈവിധ്യങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളുടെ ഒരു യൂനിയന്‍ എന്ന നിലയിലാണ് ഇന്ത്യയുടെ ശക്തി. ജനാധിപത്യം, ഐക്യം, രാജ്യത്തെ ഒന്നിച്ച് ബന്ധിപ്പിക്കുന്ന അതുല്യമായ ഘടന എന്നിവ സംരക്ഷിക്കുന്നതിന് ഈ ഫെഡറല്‍ ഘടന നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഭരണഘടന ഉദ്ദേശിക്കുന്ന പോലെ, ഇന്ത്യന്‍ യൂനിയന്റെ മൂല്യങ്ങളും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഫെഡറലിസമാണ് നിലനില്‍ക്കേണ്ടത്, മറിച്ച് ഏകത്വമല്ല.

 

Latest