Connect with us

Editorial

മോദി ഭരണത്തിലെ കശ്മീര്‍ സമാധാനം

2018ല്‍ ബി ജെ പി പിന്തുണ പിന്‍വലിച്ച് മെഹ്ബൂബ മുഫ്തിയുടെ സര്‍ക്കാറിനെ താഴെയിറക്കി ഡല്‍ഹി നേരിട്ട് ഭരണം നടത്തുകയാണ്. അതിന് ശേഷമുള്ള കശ്മീരിന്റെ യഥാര്‍ഥ മുഖം വിദേശ മാധ്യമങ്ങളാണ് വല്ലപ്പോഴും അനാവരണം ചെയ്യുന്നത്. എന്നാണ് കശ്മീരികള്‍ക്ക് ഒരു നല്ല പുലരി വന്നുചേരുക?

Published

|

Last Updated

‘കശ്മീരില്‍ സമാധാനം കളിയാടുകയാണിപ്പോള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബി ജെ പി സര്‍ക്കാര്‍ പ്രദേശത്ത് തീവ്രവാദവും അഴിമതിയും ഇല്ലാതാക്കി. ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിച്ചു. മാതാ വൈഷ്ണോദേവി, അമര്‍നാഥ് യാത്രകള്‍ എങ്ങനെ സുരക്ഷിതമായി നടത്തുമെന്ന ആശങ്കയുണ്ടായിരുന്നു മുമ്പ് കശ്മീരികള്‍ക്ക്. ഇന്ന് അത്തരം ആശങ്കകളില്ല’- കശ്മീരിലെ ഉദംപൂരില്‍ ഏപ്രില്‍ 12ന് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ വരികളാണിത്. തീവ്രവാദവും വിഘടനവാദവും അശേഷം ഇല്ലാതായെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതുകഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോഴായിരുന്നു ജൂണ്‍ ഒമ്പതിന് ഞായറാഴ്ച തീവ്രവാദിയാക്രമണം. മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സമയത്താണ് ശിവ്ഖോരി ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി പോകുകയായിരുന്ന ബസിനു നേരേ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികര്‍ കൊല്ലപ്പെടുകയും 30ലേറെ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാക് തീവ്രവാദ സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിന് അഞ്ച് ദിവസം മുമ്പ് മെയ് നാലിന് അതിര്‍ത്തി മേഖലയായ പൂഞ്ചിലെ സുരാന്‍കോട്ട മേഖലയില്‍ സനായ് ഗ്രാമത്തില്‍ തീവ്രവാദി ആക്രമണം നടന്നു. വ്യോമസേനയുടെ രണ്ട് വാഹനങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും അഞ്ച് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. ജനുവരി 12നും നടന്നു പൂഞ്ചില്‍ സൈനിക വാഹനത്തിനു നേരേ ആക്രമണം. അന്നേ ദിവസം ദോധ പ്രദേശത്തെ ചെക്ക് പോസ്റ്റില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു.

2023 ഡിസംബറില്‍ ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ നിരവധി തീവ്രവാദി ആക്രമണങ്ങളാണ് നടന്നത്. കശ്മീരിലെ സീനിയര്‍ പോലീസ് സൂപ്രണ്ടായിരുന്ന മുഹമ്മദ് ശാഫി തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഡിസംബര്‍ 24നായിരുന്നു. പൂഞ്ചിലെ രജൗരിയില്‍ നടന്ന വെടിവെപ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബറില്‍, കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഈ മേഖലയില്‍ 35ലധികം സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. രജൗരി-പൂഞ്ച് മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി ജനുവരി 11ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ തന്നെ വ്യക്തമാക്കി.

തീവ്രവാദി ആക്രമണങ്ങളും ഏറ്റുമുട്ടലും നിരന്തരം നടന്നുകൊണ്ടിരിക്കെയാണ്, ജമ്മു കശ്മീരില്‍ പൂര്‍ണ സമാധാനം കളിയാടുകയാണെന്ന് പ്രധാനമന്ത്രി തട്ടിവിട്ടത്. ഇപ്പോഴും സംഘര്‍ഷ ഭരിതമാണ് കശ്മീര്‍. പ്രദേശത്തെ ജനങ്ങള്‍ കടുത്ത അസംതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവ് എന്‍ജിനീയര്‍ റാശിദ് അഭിപ്രായപ്പെട്ടതു പോലെ ജമ്മു കശ്മീരിലെ ഇപ്പോഴത്തെ നിശബ്ദത ശ്മശാന നിശബ്ദതയാണ്. സൈനിക ക്രൂരത ഭയന്നാണ് ജനങ്ങള്‍ മൗനം പാലിക്കുന്നത്. യഥാര്‍ഥ സമാധാനവും കശ്മീരിലെ ഇപ്പോഴത്തെ നിശബ്ദതയും തമ്മിലുള്ള വ്യത്യാസം മോദി സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ജയിലില്‍ നിന്നുള്ള പ്രസ്താവനയില്‍ എന്‍ജിനീയര്‍ റാശിദ് പറഞ്ഞു. 2019ല്‍ തീവ്രവാദികള്‍ക്ക് ഫണ്ടിംഗിന് സഹായം ചെയ്യുന്നുവെന്നാരോപിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി എന്‍ജിനീയര്‍ റാശിദിനെ അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുള്ള മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. മക്കളായ അബ്റാര്‍ റാശിദും അസ്റാര്‍ റാശിദുമാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

കശ്മീരികളെ ശത്രുക്കളെ പോലെയാണ് മോദി സര്‍ക്കാര്‍ കണ്ടുവരുന്നത്. അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദികള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുകയാണ് കശ്മീര്‍ ജനത. ഇസ്റാഈല്‍ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യക്കു സമാനമായ വംശഹത്യ കശ്മീരിലും നടത്തണമെന്ന, രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. ആനന്ദ് രംഗനാഥിന്റെ പ്രസ്താവനയില്‍ നിന്ന് കശ്മീരികളോടുള്ള സംഘ്പരിവാര്‍ മനോഭാവവും നിലപാടും വ്യക്തമാണ്. പാകിസ്താന്‍ അനുകൂലികളോ ഇന്ത്യാ വിരുദ്ധരോ അല്ല കശ്മീരികള്‍. തികഞ്ഞ ദേശസ്നേഹികളാണ്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി തുടരണമെന്നും ഇന്ത്യന്‍ പൗരന്മാരായി ജീവിച്ചു മരിക്കണമെന്നുമാഗ്രഹിക്കുന്ന ജനവിഭാഗം. കശ്മീര്‍ യുവാക്കളില്‍ വിരലിലെണ്ണാവുന്നവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി കേന്ദ്ര സര്‍ക്കാറും കശ്മീരികളെ വേട്ടയാടാന്‍ കേന്ദ്രം നിയോഗിച്ച സൈന്യവും ‘അഫ്സ്പ’യുമാണ്. ഈ ക്രൂരനിയമത്തിന്റെ മറവില്‍ നിരവധി അതിക്രമങ്ങള്‍ സേന കശ്മീരില്‍ നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിക്ക പ്രദേശങ്ങളിലും ‘അഫ്സ്പ’ പിന്‍വലിച്ചിട്ടും കശ്മീരില്‍ ഇപ്പോഴും പഴയപടി തുടരുകയാണ്.

2018ല്‍ ബി ജെ പി പിന്തുണ പിന്‍വലിച്ച് മെഹ്ബൂബ മുഫ്തിയുടെ സര്‍ക്കാറിനെ താഴെയിറക്കി ഡല്‍ഹി നേരിട്ട് ഭരണം നടത്തുകയാണ്. അതിന് ശേഷമുള്ള കശ്മീര്‍ ജനതയുടെ ജീവിതം ദുരിതപൂര്‍ണമാണ്. റോഡുകള്‍ തുടങ്ങി അടിസ്ഥാന വികസനത്തില്‍ വളരെ പിന്നാക്കം. ആവശ്യത്തിന് വൈദ്യുതിയില്ല. അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം ചിലപ്പോള്‍ മണിക്കൂറുകളോളം നീണ്ടു നില്‍ക്കും. ആശുപത്രി പ്രവര്‍ത്തനത്തെ പോലും ഇത് സാരമായി ബാധിക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യവും പരിമിതം. രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന കശ്മീരിന്റെ യഥാര്‍ഥ മുഖം വിദേശ മാധ്യമങ്ങളാണ് വല്ലപ്പോഴും അനാവരണം ചെയ്യുന്നത്. എന്നാണ് കശ്മീരികള്‍ക്ക് ഒരു നല്ല പുലരി വന്നുചേരുക?

 

Latest