yasin malik
കശ്മീര്‍ വിഘടനവാദി നേതാവിന് ജീവപര്യന്തം
വധശിക്ഷയാണ് എന്‍ ഐ എ ആവശ്യപ്പെട്ടത്.
ന്യൂഡൽഹി | ഭീകരാവദ സംഘടനകൾക്ക് ധനസഹായം നൽകിയെന്ന കേസിൽ കാശ്മീരി വിഘടന വാദി നേതാവും ജമ്മു കശ്മീര് ലിബറേഷന് ഫ്രണ്ട് (ജെ.കെ.എല്.എഫ്) തലവനുമായ യാസീൻ മാലിക്കിന് ജീവപര്യന്തം തടവു പതിനായിരം രൂപ പിഴയും ശിക്ഷ. ഡൽഹി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷയാണ് എന്‍ ഐ എ ആവശ്യപ്പെട്ടത്.
2017ല് താഴ്വരയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി, ഭീകരവാദം പ്രചരിപ്പിച്ചു, വിഘടനവാദ പ്രവര്ത്തനങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 120-ബി (ക്രിമിനൽ ഗൂഢാലോചന), 124-എ (രാജ്യദ്രോഹം) എന്നീ വകുപ്പുകൾ പ്രകാരമാണ് മാലിക്കിനെതിരെ കുറ്റം ചുമത്തിയിരുന്നത്. കേസിൽ മാലിക് കുറ്റം സമ്മതിച്ചിരുന്നു. ഒരു കുറ്റാരോപണത്തെയും താന് ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആഭ്യന്തരമായും വിദേശത്തുനിന്നും ധനസമാഹരണം നടത്തുന്നതിന് ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദ് ഉൾപ്പെടെ മറ്റ് വിഘടനവാദി നേതാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. മാലിക്കിന് തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പറഞ്ഞു. 2017 ൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു ഡസനിലധികം പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ശേഷിക്കുന്ന പ്രതികൾ കുറ്റക്കാരല്ലെന്ന് വാദിക്കുന്നതിനാൽ അവർക്കെതിരായ വിചാരണ തുടരും.
1987 ലെ ജമ്മു കശ്മീരിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹിസ്ബുൾ മുജാഹിദീൻ നേതാവ് സലാഹുദ്ദീന്റെ പോളിംഗ് ഏജന്റായി മാലിക് പ്രവർത്തിച്ചിരുന്നു. 1990 കളുടെ മധ്യത്തിൽ മാലിക് വർഷങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തു. മഹാധമനി വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ മാലിക്കിന് ഒന്നിലധികം അസുഖങ്ങളുണ്ട്. 1990-ൽ പിടികൂടുന്നതിൽ നിന്ന് രക്ഷപ്പെടാൻ അഞ്ചാം നിലയിലെ ജനാലയിൽ നിന്ന് ചാടിയതിനെത്തുടർന്ന് ഒരു ചെവിയുടെ കേൾവി നഷ്ടപ്പെട്ടിരുന്നു.