National
കശ്മീരികള്‍ ഉത്തരാഖണ്ഡ് വിടണം; ഭീഷണി മുഴക്കി ഹിന്ദുത്വ സംഘടന
സുരക്ഷ ശക്തമാക്കി പോലീസ്

ഉത്തരാഖണ്ഡ് | കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിൽ ലോകം ഒന്നാകെ ഇന്ത്യക്ക് പിന്തുണ നൽകുന്നതിനിടെ ഉത്തരാഖണ്ഡില്‍ കശ്മീർ മുസ്ലിംകൾക്കെതിരെ ഭീഷണിയുമായി ഹിന്ദുത്വ സംഘടന. ഉത്തരാഖണ്ഡിൽ താമസിക്കുന്ന കശ്മീരി മുസ്ലിംകള്‍ സംസ്ഥാനം വിടണമെന്നാണ് ഹിന്ദു രക്ഷാദളിൻ്റെ ഭീഷണി. ഇതോടെ കശ്മീരികൾക്ക് പോലീസ് സുരക്ഷ ശക്തമാക്കി.
‘പഹല്‍ഗാമിലെ സംഭവങ്ങള്‍ ഞങ്ങളെ വേദനിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10ന് ശേഷം സംസ്ഥാനത്ത് ഏതെങ്കിലും കശ്മീരി മുസ്ലിംകളെ കണ്ടാല്‍ അവരെ കാത്തിരിക്കുന്നത് വലിയ വിപത്തായിരിക്കും. സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കില്ല’ എന്ന ഹിന്ദു രക്ഷാദള്‍ നേതാവ് ലളിത് ശര്‍മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഇത്തരം 25ലേറെ പോസ്റ്റുകള്‍ നീക്കം ചെയ്തതായി ഡെറാഡൂണ്‍ പോലീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ ചണ്ഡീഗഢിലേക്ക് മാറാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും പല വിദ്യാര്‍ഥികളും അവരുടെ നാട്ടിലേക്ക് മടങ്ങി. കശ്മീരി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജുകളിലെ അധ്യാപകരും വാര്‍ഡന്മാരുമായി പോലീസ് നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ആരെങ്കിലും ആക്രമണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.
2019ലെ പുല്‍വാമ അക്രമണത്തെ തുടര്‍ന്ന് ഒരു കൂട്ടം ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കോളജുകളിലേക്ക് ഇരച്ചു കയറുകയും കശ്മീരി വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്തിരുന്നു