Connect with us

Kerala

മണ്‍പിലാവില്‍ കാട്ടാന ചരിഞ്ഞ സംഭവം: കാരണം മുറിവില്‍ ഉണ്ടായ അണുബാധയെന്ന് പ്രാഥമിക നിഗമനം

സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പറത്തുവരുമ്പോള്‍ മാത്രമേ യഥാര്‍ഥ മരണ കാരണം വ്യക്തമാകൂ.

Published

|

Last Updated

കോന്നി | മണ്‍പിലാവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാട്ടാന ചരിയാന്‍ ഇടയായത് വായിലെ മുറിവില്‍ ഉണ്ടായ അണുബാധ മൂലമാണെന്ന് പ്രാഥമിക നിഗമനം. ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പറത്തുവരുമ്പോള്‍ മാത്രമേ യഥാര്‍ഥ മരണ കാരണം വ്യക്തമാകൂ.

തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട മണ്‍പിലാവില്‍ മരങ്ങാട്ട് വീട്ടില്‍ ബാലകൃഷ്ണന്‍ നായരുടെ പുരയിടത്തില്‍ ആണ് കാട്ടാനയെ തിങ്കളാഴ്ച വൈകീട്ടോടെ അവശനിലയില്‍ കണ്ടെത്തിയത്. ഉച്ച മുതല്‍ ആനയെ വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കണ്ടിരുന്നുവെങ്കിലും വൈകിട്ട് ബാലകൃഷ്ണന്‍ നായരുടെ പറമ്പില്‍ നിലയുറപ്പിച്ച പിടിയാന ഏറെനേരത്തിനു ശേഷം തളര്‍ന്ന് വീഴുകയായിരുന്നു. കുത്തനെയുള്ള സ്ഥലത്താണ് ആന തളര്‍ന്നു വീണത്. കാലുകള്‍ ഇടക്കൊക്കെ അനക്കുന്നുണ്ടായിരുന്നു വെങ്കിലും രാത്രി എട്ടരയോടെ ചരിയുകയായിരുന്നു. ഇതിനിടയില്‍ ജാറുകളില്‍ വെള്ളം എത്തിച്ച് ആനക്ക് നല്‍കുവാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

കോന്നി ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാം ചന്ദ്രന്‍, തണ്ണിത്തോട് വെറ്ററിനറി ഡോ. വിജി വിജയന്‍, വെറ്ററിനറി ഡോ. രാഹുല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ജഡം സംസ്‌കരിച്ചു. വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ വി രതീഷ്, തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ് റെജികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

 

---- facebook comment plugin here -----

Latest