Connect with us

Kerala

കവളപ്പാറ ദുരന്തം: സർക്കാറിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് ഹെെക്കോടതി

പുനരധിവാസ നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമർപ്പിക്കാൻ സർക്കാറിന് കോടതി നിർദേശം നൽകി

Published

|

Last Updated

കൊച്ചി | ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയിൽ സർക്കാർ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ഹെെക്കോടതി. ദുരന്ത ഭൂമി പഴയപടിയാക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് വിമർശിച്ച കോടതി ഈ അനാസ്ഥ കണ്ടുനില്‍ക്കാനാകില്ലെന്നും വ്യക്തമാക്കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപിച്ച് നലകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശം.

കവളപ്പാറ പുനരധിവാസ വിഷയത്തിൽ മൂന്ന് ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തുചെയ്തു? കുടുംബങ്ങളുടെ പുനരധിവാസത്തിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചു?, ഭൂമി പഴയനിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്താണ് പോംവഴി? എന്നീ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.

അടുത്ത ദിവസം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഉള്‍പ്പെടെ കവളപ്പാറയിലെ പുനരധിവാസ നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമർപ്പിക്കാൻ സർക്കാറിന് കോടതി നിർദേശം നൽകി. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഹൈക്കോടതി കേസില്‍ കക്ഷിചേര്‍ക്കുകയും ചെയ്തു.