Kavalappara
കവളപ്പാറ: കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ച 14 വീടുകൾ ഇന്ന് സമർപ്പിക്കും
എടക്കര | 2019ലെ പ്രളയത്തിൽ കവളപ്പാറയിൽ വീടും കുടുംബവും നഷ്ടപ്പെട്ടവർക്കായി സ്‌നേഹതീരത്ത് കേരള മുസ്‌ലിം ജമാഅത്ത് നിർമാണം പൂർത്തീകരിച്ച വീടുകളുടെ സമർപ്പണം ഇന്ന് വൈകിട്ട് നാലിന് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും.
കവളപ്പാറയിൽ നിലമ്പൂർ എം എൽ എ. പി വി അൻവറിന്റെ ശ്രമഫലമായി ലഭിച്ച 76 സെന്റ്ഭൂമിയിൽ 12 വീടുകളും അടുത്ത പ്രദേശങ്ങളിൽ രണ്ട് വീടുകളുമാണ് നിർമിച്ചത്. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐ സി എഫ് ഗൾഫ് കൗൺസിലിന്റെ സാമ്പത്തിക സഹായത്തിലാണ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി അധ്യക്ഷത വഹിക്കും.
എസ് എം എ മലപ്പുറം ജില്ലാ പ്രസിഡന്റ്‌സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പി വി അൻവർ എം എൽ എ, എസ് ജെ എം സംസ്ഥാന ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ (ഐ സി എഫ് ഗൾഫ് കൗൺസിൽ), സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, സി പി സൈദലവി ചെങ്ങര, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽഹകീം അസ്ഹരി, സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി കെ പി മിഖ്ദാദ് ബാഖവി, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫർ, സമസ്ത എടക്കര മേഖലാ പ്രസിഡന്റ് വി എസ് ഫൈസി വഴിക്കടവ്, ജില്ലാ പ്രസിഡന്റ് കുറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, സമസ്ത എടക്കര മേഖലാ ജനറൽ സെക്രട്ടറി വി എൻ ബാപ്പുട്ടി ദാരിമി സംസാരിക്കും.
വാർത്താസമ്മേളനത്തിൽ കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, ഇബ്റാഹീം സഖാഫി ചുങ്കത്തറ, കൺവീനർമാരായ അലവിക്കുട്ടി ഫൈസി എടക്കര, റശീദ് മുസ്‌ലിയാർ മുണ്ടേരി സംബന്ധിച്ചു.