Kerala
ചോദ്യം ചെയ്യല്‍ വീട്ടില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കാവ്യ; തള്ളി ക്രൈം ബ്രാഞ്ച്
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യല്‍ വീട്ടില്‍ നടത്തണമെന്ന കാവ്യാ മാധവന്റെ ആവശ്യം ക്രൈം ബ്രാഞ്ച് തള്ളി. വീട്ടിലെത്തി ചോദ്യം ചെയ്യല്‍ സാധ്യമല്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. മറ്റൊരു സ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കാവ്യയുടെ നിലപാട്. സാക്ഷിയെന്ന നിലയില്‍ തനിക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാമെന്നും നിയമാനുസൃതമായ രീതിയില്‍ ചോദ്യം ചെയ്യാമെന്നുമാണ് നടിയുടെ പക്ഷം. വീടൊഴികെ സ്വതന്ത്രമായ മറ്റൊരു സ്ഥലത്ത് വച്ച് കാവ്യയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്.
നേരത്തെ, ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാവിലെ ആലുവയിലെ പോലീസ് ക്ലബില്‍ എത്താന്‍ ആവശ്യപ്പെട്ട് കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പിന്നീടത് ബുധനാഴ്ചത്തേക്ക് മാറ്റി. ചെന്നൈയില്‍ നിന്നും തിങ്കളാഴ്ച മാത്രമേ കൊച്ചിയില്‍ എത്തുകയുള്ളൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നുമുള്ള കാവ്യയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.