Connect with us

ACTRESS ATTACK CASE

കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത

ശബ്ദരേഖയും നിഷേധിച്ചു; ചോദ്യങ്ങള്‍ക്ക് പലതിലും വ്യക്തമായ മറുപടിയില്ല

Published

|

Last Updated

കൊച്ചി|  നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചാേദ്യം ചെയ്തതില്‍ തൃപ്തരാകാതെ അന്വേഷണം. പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ടുള്ള ശബ്ദരേഖ കാവ്യ തന്റേതല്ലെന്ന് പറഞ്ഞ് നിഷേധിച്ചതായാണ് വിവരം. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

നാല് മണിക്കൂറോളം ഇന്നലെ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കില്ലെന്നാണ് കാവ്യ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. പക്ഷേ ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യലില്‍ ക്രൈം ബ്രാഞ്ചിന്റെ എല്ലാ കണ്ടെത്തലുകളും കാവ്യ നിഷേധിക്കുകയായിരുന്നു. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.

കേസിലെ നിര്‍ണായക വിവരങ്ങള്‍ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകളുടെയും ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്കും കാവ്യയോട് അന്വേഷണസംഘം ഉത്തരം തേടി.
ഉത്തരങ്ങളില്‍ തൃപ്തി വരാത്തതുകൊണ്ട് തന്നെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നത്.