Kerala
കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പില്ല; ഗതാഗതം മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനം
പാര്‍ട്ടിയുടെ മന്ത്രിയില്‍ നിന്ന് വകുപ്പെടുത്ത് മുന്നണിയിലെ ഒരു ചെറിയ കക്ഷിക്ക് നല്‍കേണ്ടതില്ലെന്ന് സി പി എം സെക്രട്ടേറിയറ്റ് നിലപാടെടുത്തു.
![](https://assets.sirajlive.com/2023/01/ganesh-kumar.gif)
തിരുവനന്തപുരം | പുതിയ മന്ത്രിയായി ഇന്ന് സ്ഥാനമേല്‍ക്കുന്ന കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സി പി എം തീരുമാനം. ഗതാഗത വകുപ്പ് മാത്രം നല്‍കിയാല്‍ മതിയെന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സി പി എം മന്ത്രി സജി ചെറിയാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. പാര്‍ട്ടിയുടെ മന്ത്രിയില്‍ നിന്ന് വകുപ്പെടുത്ത് മുന്നണിയിലെ ഒരു ചെറിയ കക്ഷിക്ക് നല്‍കേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ് നിലപാടെടുത്തു.
സിനിമാ വകുപ്പ് കൂടി നല്‍കണമെന്ന് മുഖ്യമന്ത്രിയോടുള്ള കേരള കോണ്‍ഗ്രസ് (ബി)യുടെ അഭ്യര്‍ഥനയാണ് തള്ളപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി തീരുമാനം സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും.
ഇന്ന് വൈകിട്ട് നാലിനാണ് പുതിയ മന്ത്രിമാരായി കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇടത് മുന്നണിയുടെ മുന്‍ ധാരണ പ്രകാരം മന്ത്രിസ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ച ഒഴിവിലാണ് ഇരുവരും മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.