Kerala
കെ ബി ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും
വൈകീട്ട് നാലിന് രാജഭവനിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങ്
തിരുവനന്തപുരം | കെ ബി ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖാമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കും. അതേസമയം ചീഫ് സെക്രട്ടറി ഡോ. വി. വേണു ചടങ്ങിൽ നിന്ന് വിട്ടു നിന്നേക്കും എന്ന് സൂചനയുണ്ട്. അദ്ദേഹത്തിന് പകരം, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനായിരിക്കും പങ്കെടുക്കുകയെന്നാണു വിവരം.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് സെക്രട്ടറി പങ്കെടുക്കണമെന്നാണ് ചട്ടം. ചീഫ് സെക്രട്ടറിയാണ് സത്യവാചകം ചൊല്ലി കൊടുക്കാൻ ഗവർണറെ ഔദ്യോഗികമായി ക്ഷണിക്കേണ്ടത്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഗവർണറുടെ കാറിനു നേരേയുണ്ടായ എസ്എഫ്ഐയുടെ ആക്രമണ ശ്രമത്തെക്കുറിച്ചും ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയെങ്കിലും രണ്ടു റിപ്പോർട്ടും ചീഫ് സെക്രട്ടറി ഇതുവരെ ഗവർണർക്കു നൽകിയിട്ടില്ലെന്നാണു സൂചന. ഈ സാഹചര്യത്തിലാണ് രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് സെക്രട്ടറി പങ്കെടുത്തേക്കില്ലെന്ന് സൂചന പരക്കുന്നത്.
സത്യപ്രതിജ്ഞയ്ക്കായി ഇന്നലെ രാത്രിയോടെയാണ് ഗവർണർ ഡൽഹിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയത്. സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിൽ 900 പേർക്ക് ഇരിക്കാവുന്ന വേദി തയാറാക്കി. പാസ് മൂലമാണ് രാജ്ഭവനിൽ പ്രവേശനം ക്രമീകരിച്ചിട്ടുള്ളത്.
രണ്ടര വർഷം കഴിഞ്ഞാൽ ഒഴിയുക എന്ന മുൻധാരണ അനുസരിച്ച് ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച ഒഴിവിലാണ് ഗണേഷ് കുമാറും കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്യുന്നത്.