Connect with us

Articles

ഹാട്രിക്കില്‍ കണ്ണുനട്ട് കെ സി ആര്‍

ഭരണവിരുദ്ധ വികാരം മുതലാക്കാന്‍ പാകത്തില്‍ കോണ്‍ഗ്രസ്സ് സംഘടനാപരമായി ശക്തമാണെന്നത് കെ എസി ആറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. ഇതുവരെ പുറത്തു വന്ന അഭിപ്രായ സര്‍വേകളുടെ ആകെത്തുക സംസ്ഥാനത്ത് കോണ്‍ഗ്രസ്സും ബി ആര്‍ എസും ഒപ്പത്തിനൊപ്പം എന്നതാണ്. തൂക്കുസഭക്കുള്ള സാധ്യതകളും പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും റാവു മൂന്നാമതും അധികാരം പിടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Published

|

Last Updated

രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്താണ് ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കപ്പെടുന്നത്. ആന്ധ്രയിലെ തെലുങ്കരോടുള്ള അവഗണനയെ ഒരു രാഷ്ട്രീയ പ്രശ്നമായി ഉയര്‍ത്തിയ കെ ചന്ദ്രശേഖര്‍ റാവുവിന്റെ സമര പോരാട്ടങ്ങളാണ് സംസ്ഥാന രൂപവത്കരണത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിച്ചത്. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നായിരുന്നു 2014ല്‍ സോണിയാ ഗാന്ധി തെലങ്കാനക്ക് പച്ചക്കൊടി കാണിച്ചത്. എന്നാല്‍ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതോടെ കെ സി ആറിന്റെ കോണ്‍ഗ്രസ്സിനോടുള്ള സ്വരം മാറി. തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) എന്ന പേരില്‍ സ്വന്തം പാര്‍ട്ടി ബാനറില്‍ തന്നെ ഒറ്റക്ക് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങി അധികാരത്തിലെത്തി കോണ്‍ഗ്രസ്സിന്റെ തലക്കിട്ടടിച്ചു. തുടര്‍ച്ചയായി രണ്ട് സഭാ കാലയളവ് പൂര്‍ത്തിയാക്കിയ കെ സി ആര്‍ ഇപ്പോള്‍ തെലങ്കാനയില്‍ ഹാട്രിക്കിനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ്സാകട്ടെ വലിയൊരു തിരിച്ചുവരവിനുള്ള ശ്രമത്തിലുമാണ്.

മൂന്നാം ഊഴത്തിലെ തടസ്സങ്ങള്‍
സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനും ബി ജെ പിക്കും മുകളില്‍ കെ എസി ആര്‍ കുടിയിരുത്തപ്പെട്ടത് തെലങ്കാനയുടെ സൃഷ്ടിയിലൂടെ അവരുടെ ദേശപിതാവ് എന്ന അധിക ആനുകൂല്യം നേടിയാണ്. ബി ജെ പി വിരുദ്ധ ചേരിയിലാണെന്ന് തോന്നിപ്പിക്കും വിധം സര്‍ക്കാറിനെ വിമര്‍ശിക്കുമ്പോഴും ‘ഇന്ത്യ’ മുന്നണിയില്‍ സഹകരിക്കാന്‍ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലാത്ത കെ എസി ആര്‍ 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. തെലുങ്ക് നാടിനപ്പുറം പ്രധാനമന്ത്രി പദം കൂടി സ്വപ്നം കാണുന്ന അദ്ദേഹം 2022ല്‍ തന്റെ പാര്‍ട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതി എന്നാക്കുകയും ചെയ്തിരുന്നു. 119 അംഗ അസംബ്ലിയിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കാര്യങ്ങള്‍ കെ എസി ആറില്‍ നിന്ന് കൈവിട്ടു പോയേക്കാവുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ സ്വപ്നങ്ങളില്‍ നിന്ന് ബി ആര്‍ എസ് തെലങ്കാനയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. നില്‍ക്കുന്ന ഭൂമി ഒലിച്ചു പോകാവുന്ന അവസ്ഥയില്‍ തെലങ്കാന നിലനിര്‍ത്തുക എന്നതാണ് ഇപ്പോഴുള്ള വലിയ വെല്ലുവിളി. ഒരു പതിറ്റാണ്ട് നീണ്ട ഭരണം അഴിമതിയും കുടുംബ വാഴ്ചയും കൊടികുത്തിവാഴുന്ന അവസ്ഥയിലേക്ക് തെലങ്കാനയെ എത്തിച്ചു. ഭരണവിരുദ്ധ വികാരം മുതലാക്കാന്‍ പാകത്തില്‍ കോണ്‍ഗ്രസ്സ് സംഘടനാപരമായി ശക്തമാണെന്നതും കെ എസി ആറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. ഇതുവരെ പുറത്തു വന്ന അഭിപ്രായ സര്‍വേകളുടെ ആകെത്തുക സംസ്ഥാനത്ത് കോണ്‍ഗ്രസ്സും ബി ആര്‍ എസും ഒപ്പത്തിനൊപ്പം എന്നതാണ്. തൂക്കുസഭക്കുള്ള സാധ്യതകളും പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും റാവു മൂന്നാമതും അധികാരം പിടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. തെലങ്കാനയുടെ രൂപവത്കരണ ശേഷം സംസ്ഥാന രാഷ്ട്രീയം കെ സി ആര്‍ എന്ന ഒറ്റ മനുഷ്യനിലാണ് നാളിതുവരെയും ഭ്രമണം ചെയ്തത്. കെ സി ആറിന്റെ കരിഷ്മക്കപ്പുറം പാര്‍ട്ടിയുടെ ആശയ അടിത്തറ പോലും പ്രസക്തമല്ലാതായിട്ടുണ്ട്. മാത്രമല്ല തെലുങ്ക് വികാരത്തിനപ്പുറം കാര്യമായ ഒരു രാഷ്ട്രീയ പ്രശ്നം പോലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ഇവിടെ ചര്‍ച്ചയായിട്ടുമില്ല. വികസന രാഷ്ട്രീയം എന്ന ഒറ്റമൂലിയില്‍ മാത്രമാണ് കെ സി ആറിന്റെ ഭാവി തൂങ്ങിയാടുന്നത്.

കോണ്‍ഗ്രസ്സ്-ബി ജെ പി സാധ്യതകള്‍
ഭാരത് ജോഡോ യാത്ര കടന്നുപോയ സംസ്ഥാനങ്ങളില്‍ ഏറ്റവും ഓളമുണ്ടാക്കിയ സംസ്ഥാനമാണ് തെലങ്കാന. 2021 ജൂലൈ മാസം രേവന്ദ് റെഡ്ഡി പി സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അതുവരെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തമല്ലാതിരുന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയ ഗോദയില്‍ ബി ആര്‍ എസിന് വെല്ലുവിളി ഉയര്‍ത്തി തുടങ്ങിയത്. ഇന്ന് ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുള്ള സംസ്ഥാനമായി തെലങ്കാന മാറി. ഭാരത് ജോഡോ യാത്രയിലും ഇപ്പോള്‍ തിരഞ്ഞെടുപ്പ് റാലികളിലും വലിയ ആള്‍ക്കൂട്ടങ്ങളെ എത്തിക്കുന്നതില്‍ റെഡ്ഡിയുടെ വ്യക്തിപ്രഭാവം മാത്രമാണ് പ്രവര്‍ത്തിച്ചത്. കെ സി ആറിനെതിരെ പഴുതടച്ച ആക്രമണമാണ് കോണ്‍ഗ്രസ്സ് നടത്തുന്നത്. തിരഞ്ഞെടുപ്പ് റാലിയില്‍ യുദ്ധം രാജാവും പ്രജകളും തമ്മിലാണെന്ന് പ്രഖ്യാപിച്ച റെഡ്ഡിക്ക് സംസ്ഥാന രാഷ്ട്രീയത്തിന്റെ പള്‍സ് നന്നായറിയാം. അടുത്ത കാലത്ത് കോണ്‍ഗ്രസ്സിന് ലഭിച്ച ഏറ്റവും കരിഷ്മയുള്ള നേതാവായി ആഘോഷിക്കപ്പെടുന്നുണ്ട് അദ്ദേഹം. റാവുവിന്റെ വികസന പദ്ധതികള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പകരം വെക്കാന്‍ കര്‍ണാടക മോഡല്‍ ആറ് വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പത്രികയില്‍ കോണ്‍ഗ്രസ്സിന്റെ തുറുപ്പ് ചീട്ട്. ജാതി സെന്‍സസ് തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബി ആര്‍ എസിന് കിട്ടിയിരുന്ന ജാതി വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സഹായിക്കും.

സാംസ്‌കാരിക തലത്തില്‍ പോലും ഹിന്ദുത്വ രാഷ്ട്രീയത്തിന് വളരാന്‍ പാകത്തിലുള്ള ഒരു അന്തരീക്ഷം നിലവിലില്ല എന്നതാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബി ജെ പിക്ക് മുന്നിലെ വലിയ തടസ്സം. മോദി, അമിത് ഷാ, യോഗി തുടങ്ങിയ എത്ര വലിയ തോക്കുകള്‍ കൊണ്ട് ആക്രമണം തുടങ്ങിയാലും പത്ത് സീറ്റിനപ്പുറം നേടാനുള്ള രാഷ്ട്രീയ കാലാവസ്ഥ ഇപ്പോള്‍ തെലങ്കാനയിലില്ല. ആന്ധ്രയുടെ തലവരമാറ്റി ഹൈദരാബാദിനെ ആധുനികവത്കരിച്ച ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടിയാകട്ടെ തെലങ്കാനയില്‍ ചിത്രത്തില്‍ പോലുമില്ലാത്ത വിധം മാഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഗോദയിലുള്ള പോരാട്ടം റാവുവിന്റെ ബി ആര്‍ എസും രേവന്ദ് റെഡ്ഡിയുടെ കോണ്‍ഗ്രസ്സും തമ്മിലാണ്. 19 സീറ്റുകളില്‍ മത്സരിക്കുന്ന സി പി എമ്മും 106 സീറ്റില്‍ മത്സര രംഗത്തുള്ള ബി എസ് പിക്കും സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ശേഷിയില്ല. അതേസമയം എന്തെങ്കിലും ചലനം ഉണ്ടാക്കാനാകുക അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എമ്മിന് മാത്രമാണ്. അതും ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍ മാത്രം. ബി ജെ പിക്കും സ്വാധീനമുള്ളത് ഈ മേഖലയില്‍ തന്നെയാണ്. 2018ല്‍ ബി ജെ പിയുടെ സംസ്ഥാനമൊട്ടാകെയുള്ള വോട്ടുകളുടെ മൂന്നിലൊന്ന് ഇവിടെ നിന്നാണ് പോള്‍ ചെയ്തത്. എ ഐ എം ഐ എമ്മിന് നിലവിലുള്ള ഏഴ് സീറ്റും ഇവിടെ നിന്നാണ്. അവര്‍ അത് ഇത്തവണയും നിലനിര്‍ത്തും. പക്ഷേ ഇവിടുത്തെ ബി ജെ പി വോട്ടുകള്‍ കോണ്‍ഗ്രസ്സിന് എത്രകണ്ട് സ്വാധീനിക്കാന്‍ കഴിയും എന്നതിലാണ് കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍.

കണക്കിലെ സമവാക്യങ്ങള്‍
തെലങ്കാനയുടെ അഞ്ച് മേഖലകളിലെ സീറ്റ് കണക്ക് പരിശോധിച്ചാല്‍ കിഴക്ക് (28), ഗ്രേറ്റര്‍ ഹൈദരാബാദ് (21), വടക്ക് (28), തെക്ക് (21), പടിഞ്ഞാറ്(21) എന്നിങ്ങനെ വരും. ഇതില്‍ പടിഞ്ഞാറന്‍, വടക്കന്‍ മേഖലകള്‍ ബി ആര്‍ എസിന്റെ ശക്തികേന്ദ്രങ്ങളാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സ്വാധീനമുള്ളത് ആന്ധ്രാപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മേഖലയില്‍ മാത്രമാണ്. അതേസമയം ഗ്രേറ്റര്‍ ഹൈദരാബാദില്‍ പകുതിയിലും കോണ്‍ഗ്രസ്സ് മൂന്നോ നാലോ സ്ഥാനത്തായിരുന്നു. ഉയര്‍ന്ന ന്യൂനപക്ഷ വോട്ട് ബേങ്കുള്ള ഈ പ്രദേശം പിടിച്ചാല്‍ കോണ്‍ഗ്രസ്സിന് അധികാരത്തിലേക്ക് സാധ്യത എളുപ്പമാകും. പക്ഷേ അങ്ങനെയൊരു സാധ്യത ഇപ്പോള്‍ വിദൂരത്ത് പോലുമില്ല. പക്ഷേ സംസ്ഥാനത്തെ പൊതുചിത്രം നോക്കിയാല്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് റാലികളിലെ വലിയ ആള്‍ക്കൂട്ടങ്ങള്‍ സംസ്ഥാനത്ത് വലിയൊരു അട്ടിമറി സാധ്യതയുടെ സൂചനകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുമെന്നറിയാന്‍ ഡിസംബര്‍ മൂന്ന് വരെ കാത്തിരിക്കേണ്ടി വരും. ജാതി കണക്കുകള്‍ തിരഞ്ഞെടുപ്പില്‍ അനിയന്ത്രിതമായ അളവില്‍ സ്വാധീനിക്കപ്പെടാനുള്ള അവസരമില്ല. എങ്കിലും രേവന്ദ് റെഡ്ഡിയുടെ സാന്നിധ്യമാണ് ചലനമുണ്ടാക്കാന്‍ സാധ്യതയുള്ളത്. മുഖ്യമന്ത്രിയായി ഒരു റെഡ്ഡി വരും എന്നത് റെഡ്ഡി വോട്ട് ബേങ്കിനെ കാര്യമായി സ്വാധീനിക്കുന്ന ഘടകമായി കോണ്‍ഗ്രസ്സിന് പ്രതീക്ഷ നല്‍കുന്നുണ്ട്. യോഗേന്ദ്ര യാദവ് അടക്കമുള്ള തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ കോണ്‍ഗ്രസ്സ് അധികാരം പിടിക്കുമെന്ന സാധ്യതകളും പങ്കുവെക്കുന്നുണ്ട്. അധികാരം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ്സ് സഭയിലുണ്ടാകും എന്നത് തീര്‍ച്ചയാണ്. 2024ലേക്ക് ഒരുങ്ങുന്ന പാര്‍ട്ടിക്ക് ഏറ്റവും വലിയ മൂലധനമായി തെലങ്കാന മാറും എന്നിടത്താണ് ഈ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമാകുക.

 

Latest