Kerala
നവീന്‍ ഒരിക്കലും അഴിമതിക്കാരനായിരുന്നില്ല, ഞങ്ങളുടേത് സി പി എം കുടുംബം; പ്രതികരണവുമായി ബന്ധു
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അമ്മാവന്‍ ഓമല്ലൂര്‍ ആറ്റരികം സ്വദേശി ബാലകൃഷ്ണന്‍ നായരാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
പത്തനംതിട്ട | കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്നും ഒരിക്കലും കൈക്കൂലിക്കാരന്‍ ആയിരുന്നില്ലെന്നും ബന്ധു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അമ്മാവന്‍ ഓമല്ലൂര്‍ ആറ്റരികം സ്വദേശി ബാലകൃഷ്ണന്‍ നായരാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
നവീന് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. യാത്രയയപ്പ് വേദിയില്‍
അപമാനിക്കപ്പെട്ടതിന്റെ മനോവിഷമമാകാം ഇതിന് പ്രേരിപ്പിച്ചത്. അവന്‍ ഒരു അഴിമതിയും നടത്തിയിട്ടില്ല. ഞങ്ങള്‍ കുടുംബപരമായി പാര്‍ട്ടിക്കാരാണ്.
കഴിഞ്ഞ മൂന്നു വട്ടം താന്‍ ഓമല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. നവീന്‍ ഇടതു സര്‍വീസ് സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു. വ്യക്തിപരമായി യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ആവശ്യമായ പേപ്പര്‍ ഇല്ലാത്തതിന്റെ പേരിലാണ് പെട്രോള്‍ പമ്പിന്റെ ഫയല്‍ മാറ്റി വച്ചത്. പിന്നീട് അതിന്റെ പേപ്പറുകള്‍ എല്ലാം വന്നപ്പോഴാണ് എന്‍ ഒ സി കൊടുത്തത്.
നല്ല രീതിയില്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ഇങ്ങനെ കേള്‍ക്കുമ്പോള്‍ മാനസിക ബുദ്ധിമുട്ടുണ്ടാകാം. കൈക്കൂലിക്കാരാണെങ്കില്‍ അവര്‍ക്ക് വിഷമം ഉണ്ടാകില്ലെന്നും ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് മഞ്ജുഷ ഫോണില്‍ വിളിച്ചപ്പോള്‍ സെന്റ് ഓഫ് കഴിഞ്ഞു, വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞിരുന്നു. പിന്നെ വിളിച്ചിട്ട് കിട്ടിയില്ല. ഇന്നലെ രാവിലെ ഒരു സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം അവിടെ വിളിച്ച് അന്വേഷിച്ചു. എ ഡി എമ്മിനെ കാണാനില്ലെന്നും ഉടന്‍ അന്വേഷിക്കണമെന്നും കലക്ടര്‍ പോലീസില്‍ റിപോര്‍ട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏറ്റുവാങ്ങുന്നതിന് ബന്ധുക്കള്‍ കണ്ണൂരിലേക്ക് തിരിച്ചു.
നവീന്‍ബാബു അഴിമതിക്കാരനല്ലെന്ന് സഹപ്രവര്‍ത്തകര്‍
പത്തനംതിട്ട: ജീവനൊടുക്കിയ കണ്ണൂര്‍ എ ഡി എം മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ നവീന്‍ ബാബു (55) അഴിമതിക്കാരനല്ലെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആവര്‍ത്തിച്ചു പറയുന്നു. ഡെപ്യൂട്ടി കലക്ടര്‍ ആകുന്നതു വരെ സര്‍വീസില്‍ ഏറിയ പങ്കും ജില്ലയില്‍ തന്നെയാണ് ജോലി ചെയ്തത്. വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ച നവീനിനെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ മതിപ്പാണ്.
സി പി എം പാരമ്പര്യത്തില്‍ നിന്നായിരുന്നു വരവ്. അതു കൊണ്ട് തന്നെ എന്‍ ജി ഒ യൂണിയന്‍ അംഗമായിരുന്നു. ഗസറ്റഡ് തസ്തികയില്‍ എത്തിയപ്പോഴും സി പി എം അനുകൂല സര്‍വീസ് സംഘടനയില്‍ തന്നെ തുടര്‍ന്നു. കാസര്‍കോട് എ ഡി എം ആയിരുന്നപ്പോഴാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നവീന്‍ ബാബുവിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ നവീന്‍ സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ചോദിച്ചിരുന്നു. നവീന്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ മുഖേന ഇതിന് ശ്രമിച്ചെങ്കിലും സമയത്ത് നടന്നില്ല. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ചുരുങ്ങിയ കാലം മാത്രമാണുള്ളത് എന്ന കാരണം കൊണ്ടു തന്നെയാണ് നവീന്‍ സ്ഥലം മാറ്റത്തിന് ശ്രമിച്ചതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.