Editors Pick
കുട്ടികളെ സ്കൂളിൽ വിടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ് നിങ്ങളുടേതെങ്കിൽ അവരെ വൃത്തിഹീനമായ ചെളി വെള്ളത്തിൽ കളിക്കാൻ അനുവദിക്കരുത്. അവർക്ക് പെട്ടെന്ന് രോഗം പിടിപെട്ടേക്കാം. മാത്രമല്ല എലിപ്പനി അടക്കമുള്ള രോഗങ്ങൾക്ക് ചെളിവെള്ളം വാഹകരും ആവാം. കുട്ടികളുടെ കാലുകൾ എപ്പോഴും നനവില്ലാതെ വൃത്തിയായി തുടച്ച് സൂക്ഷിക്കണം.
സ്കൂൾ തുറക്കുന്ന സീസൺ ആണ്. ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കെജിയിലെയും ഒക്കെ കുട്ടികൾ നേരത്തെ സ്കൂളുകളിൽ എത്തിയെങ്കിലും പ്ലസ് വൺ അഡ്മിഷൻ ഒക്കെ പൂർത്തിയായതേ ഉള്ളൂ. മഴക്കാലത്താണ് സ്കൂളുകൾ തുറക്കുന്നത് എന്നതുകൊണ്ട് തന്നെ കുട്ടികളെ സ്കൂളിലേക്ക് വിടുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം പകർച്ചവ്യാധികളെയാണ്.
മഴക്കാലത്ത് നിങ്ങളുടെ കുട്ടികളെ രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ പ്രത്യേക ശ്രദ്ധ തന്നെ എടുക്കണം. ജലദോഷമോ പനിയോ ഉണ്ടെങ്കിൽ കുട്ടിയെ സ്കൂളിലേക്ക് അയക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടിക്ക് അസുഖം കൂടുന്നതിനൊപ്പം മറ്റു കുട്ടികൾക്ക് കൂടി പകരാൻ ഇത് കാരണമാകും. അതുകൊണ്ട് ചെറിയ കുട്ടികളുടെ കാര്യത്തിൽ ഒന്നോ രണ്ടോ ദിവസത്തെ ക്ലാസുകൾ മിസ് ആയാൽ പോലും കുഞ്ഞിനെ വീട്ടിലിരുത്തുന്നതാണ് ഉത്തമം.
മഴക്കാലത്ത് കുഞ്ഞുങ്ങളെ എപ്പോഴും ചെറു ചൂടു വെള്ളത്തിൽ കുളിപ്പിക്കുന്നത് നല്ലതാണ്. സ്കൂളിൽ നിന്ന് എത്തുന്ന കുട്ടികളെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ച് തല നന്നായി തുടച്ച ശേഷം വേണം മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ. പുറത്തുനിന്ന് മഴ നനഞ്ഞ് എത്തുന്ന കുട്ടിയുടെ കാലുകൾ വീട്ടിനുള്ളിൽ കയറുന്നതിനു മുൻപ് തന്നെ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ് നിങ്ങളുടേതെങ്കിൽ അവരെ വൃത്തിഹീനമായ ചെളി വെള്ളത്തിൽ കളിക്കാൻ അനുവദിക്കരുത്. അവർക്ക് പെട്ടെന്ന് രോഗം പിടിപെട്ടേക്കാം. മാത്രമല്ല എലിപ്പനി അടക്കമുള്ള രോഗങ്ങൾക്ക് ചെളിവെള്ളം വാഹകരും ആവാം. കുട്ടികളുടെ കാലുകൾ എപ്പോഴും നനവില്ലാതെ വൃത്തിയായി തുടച്ച് സൂക്ഷിക്കണം.
മഴക്കാലമായതുകൊണ്ടുതന്നെ ഭക്ഷണസാധനങ്ങളിൽ ഈച്ചയും മറ്റു പ്രാണികളും വന്നിരിക്കാനുള്ള സാധ്യത വളരെ അധികമാണ്. അതുകൊണ്ട് കുട്ടികൾക്ക് ഒരിക്കലും തുറന്നു വെച്ച ഭക്ഷണങ്ങൾ കൊടുക്കരുത്. ഹോട്ടൽ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. തണുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി നൽകാത്തതാണ് മഴക്കാലത്ത് നല്ലത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികൾക്ക് കുടിക്കാനായി നൽകുക. ഭക്ഷണവും ചെറു ചൂടോടെ നൽകുന്നതാണ് നല്ലത്.
മഴക്കാലത്ത് വസ്ത്രങ്ങൾ ഉണങ്ങി കിട്ടാൻ വളരെ അധികം പ്രയാസമാണ്. എന്നാൽ നിങ്ങളുടെ കുട്ടികൾ ധരിക്കുന്ന വസ്ത്രങ്ങൾ തീർച്ചയായും നല്ല രീതിയിൽ ഉണങ്ങിയതും വൃത്തിയുള്ളതും ആയിരിക്കണം. ഉണങ്ങിയ സോക്സുകളും അടിവസ്ത്രങ്ങളും വേണം കുട്ടിക്ക് നൽകാൻ.
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതും മഴക്കാലത്ത് ശീലമാക്കണം. ഇത് നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ പോഷകവും ഉണർവും നൽകുന്നു. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം.
മലിനമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം ടൈഫോയിഡ് തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമായേക്കാം. ഇതിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാൻ മുൻകരുതൽ എടുക്കേണ്ടതും അത്യാവശ്യമാണ്.
സ്കൂളിൽ പോകാൻ ആരംഭിച്ച നമ്മുടെ കുഞ്ഞു മിടുക്കന്മാർക്കായി ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചോളൂ.