Connect with us

feature

ഇന്നലെകളുടെ സൂക്ഷിപ്പുകാരൻ

വിവിധ രാജ്യങ്ങളിലെ പുരാതന കാലം തൊട്ട് ഇന്നേവരേയുള്ള കറൻസികളും നാണയങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ദിനപത്രങ്ങൾ,ഏറ്റവും ചെറിയ കറൻസി,ഏറ്റവും വലിയ കറൻസി, 1904ൽ തായ്്ലാൻഡിലെ ബുള്ളറ്റ് നാണയം,ലോകത്തിൽ ആദ്യമായി സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമിച്ച നോട്ട്...തുടങ്ങി നിരവധി കൗതുകമുണർത്തുന്ന ശേഖരങ്ങളുടെ വിശേഷങ്ങൾ....

Published

|

Last Updated

പുരാവസ്തുക്കളെ ജീവന് തുല്യം സ്നേഹിക്കുകയാണ് ഈ യുവാവ്. അത്യപൂർവവും അമൂല്യവുമായ വസ്തുക്കളാൽ വേറിട്ടു നിൽക്കുന്നതാണ് ഈ ശേഖരം. ഇദ്ദേഹത്തിന്റെ വീട് തന്നെ പുരാവസ്തു കേന്ദ്രമാണ്. കക്കാട് സ്വദേശി മുഹമ്മദ് റഫീഖ് എന്ന നാൽപ്പതുകാരന് പുരാവസ്തുക്കൾ എന്നത് ജീവനാണ്. ഇരുനില കെട്ടിടമായ ഈ വീട് ഒരു ചരിത്ര മ്യൂസിയമാണ്. പുരാതനമായ വസ്തുക്കൾ എവിടെയുണ്ടെന്നറിഞ്ഞാലും എത്ര ബുദ്ധിമുട്ടിയും അത് സ്വന്തമാക്കും. കക്കാട് കൂർമത്ത് കോലോത്തിയിൽ പരേതനായ മുഹമ്മദ് കുട്ടിയുടെയും ആഇശാബിയുടെ മകനായ മുഹമ്മദ് റഫീഖ് പത്ത് വർഷമായി ഒട്ടനവധി പുരാവസ്തുക്കൾ സൂക്ഷിച്ചുവരുന്നു. കുട്ടിക്കാലത്ത് ബന്ധുക്കൾ മിഠായി വാങ്ങാൻ കൊടുക്കുന്ന നാണയത്തുട്ടുകളിൽ കാണുന്ന പ്രത്യേക ചിത്രങ്ങളിൽ ആകൃഷ്ടനായി അവ എടുത്ത് വെച്ചാണ് മുഹമ്മദ് റഫീഖിന്റെ തുടക്കം. ഇപ്പോൾ വീടിന്റെ മുറികളിലും അടുക്കളയിലും റാക്കുകളിലുമടക്കം വിവിധതരം പുരാവസ്തുക്കൾ നിറഞ്ഞുനിൽക്കുകയാണ്.

വിവിധ രാജ്യങ്ങളിലെ പുരാതന കാലം തൊട്ട് ഇന്നേവരേയുള്ള കറൻസികളും നാണയങ്ങളും വിവിധ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ദിനപത്രങ്ങൾ, സന്തോഷമുള്ളതോ ദുഃഖിപ്പിക്കുന്നതോ എന്തുമാവകട്ടെ പ്രത്യേക സംഭവങ്ങൾ നടന്ന ദിവസങ്ങളിലെ പത്രങ്ങൾ, ഏറ്റവും ചെറിയ കറൻസി, ഏറ്റവും വലിയ കറൻസി, 1904ൽ തായ്്ലൻഡിലെ ബുള്ളറ്റ് നാണയം, ലോകത്തിൽ ആദ്യമായി സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമിച്ച നോട്ട്. ആന്റിഗ്വ ആൻഡ് ബാർബുഡ എന്ന രാജ്യത്തിന്റെതാണ് ഈ നോട്ട്. 1110കളിൽ തിരുവിതാംകൂറിൽ ഉപയോഗിച്ചിരുന്ന വിവിധ നാണയങ്ങൾവരെ റഫീഖ് നിധിയായി സൂക്ഷിച്ചു വരുന്നു. ഏകദേശം 1115 വർഷത്തെ പഴക്കമെങ്കിലും ഇത്തരം നാണയങ്ങൾക്ക് ഉണ്ട് എന്നാണ് രേഖകൾ പറയുന്നത്.

റേഡിയോക്കും സൈക്കിളിനും കാളവണ്ടിക്കും ലൈസൻസ്

ഒരു കാലത്ത് നമ്മുടെ നാട്ടിൽ കാളവണ്ടി ഓടിക്കാനും സൈക്കിൾ ചവിട്ടാനും എന്തിനധികം റേഡിയോ ഉപയോഗിക്കാൻ പോലും ലൈസൻസ് ആവശ്യമായിരുന്നു. ഇന്ത്യയിൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ വാർത്താവിതരണ മന്ത്രിയായിരുന്ന ടി എൻ ഗാഡ്ഗിൽ ആണ് റേഡിയോ ലൈസൻസ് സമ്പ്രദായം അവസാനിപ്പിച്ചത്. 1985ന് ശേഷം ഇന്ത്യയിൽ റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമില്ല. മദ്രാസ് ഗവൺമെന്റ്നടപ്പിലാക്കിയിരുന്ന കാളവണ്ടിക്കുള്ള 1938ലെ ലെെസൻസ്, 1957 ലെ സൈക്കിൾ ലൈസൻസ്, ഇന്ത്യ ഗവൺമെന്റ് 2-8-1958 ന് ശ്രീലങ്ക തലസ്ഥാനമായ കൊളംബോയിലേക്ക് അയച്ച കമ്പിയില്ലാ കമ്പി, ഇന്ത്യ പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് അയച്ച കമ്പി സന്ദേശം, ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന കത്തി… ഇങ്ങനെ നീളുന്നു ഈ മ്യൂസിയത്തിലുള്ള വസ്തുക്കളുടെ നിര.

കൂടാതെ ഇന്ത്യയിലെ വിവിധ രാജാക്കന്മാരുടെ കാലത്ത് നിലവിലുണ്ടായിരുന്ന നാണയങ്ങളും ഇദ്ദേഹത്തിന്റെ സൂക്ഷിപ്പിലുണ്ട്. അക്ബർ രാജാവ്, സോള രാജൻ, ഹൈദരാബാദ്, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലെ രാജാക്കന്മാരുടെ ഭരണകാലത്തെ നാണയങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. 2022ലെ ഫിഫ ലോകകപ്പിന് മാത്രമായി ഖത്വർ ഇറക്കിയ കറൻസി, ഫിഫ വേൾഡ് കപ്പ് ടിക്കറ്റ്, മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാൻ, ലോകത്തിലെ ഏറ്റവും ചെറിയ തേങ്ങയെന്ന് വിശ്വസിക്കുന്ന ശ്രീലങ്കയിൽ നിന്ന് കൊണ്ടുവന്ന തേങ്ങ, ലോകത്തിലെ ഏറ്റവും വലിയ തേങ്ങയായ കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള പ്രത്യേകതരം തേങ്ങയും ഇദ്ദേഹത്തിന്റെ ശേഖരത്തിൽ കാണാം. 25 മുതൽ 45 കിലോ വരേയാണ് ഇത്തരംതേങ്ങയുടെ തൂക്കം.

ഇതുകൊണ്ടൊന്നും തീർന്നില്ല മുഹമ്മദ് റഫീഖിന്റെ പുരാവസ്തു വിശേഷങ്ങൾ. ഏറ്റവും ചെറിയ മുസ്ഹഫ് , നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗ കാസറ്റ്, കൂടാതെ പഴയ പത്രങ്ങളുടെ കൂട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അന്തരിച്ച വാർത്തയുള്ള 1964 മെയ് 28ലെ മലയാള പത്രം, ഗാന്ധിജിയുടെ നേതൃത്വത്തിലിറങ്ങിയ പത്രം, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കടത്തിയ വാർത്തയുള്ള പത്രം, ഗുജറാത്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രമുഖ പത്രമായ കത്യവാർ ടൈംസ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 1888 ൽ രാജ്കോട്ടിൽ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. ദിവാൻ എ ടി വസീറാണിയാണ് ഈ പത്രത്തിന്റെ സ്ഥാപകൻ. ഗുജറാത്തി ഭാഷയിലും ഇംഗ്ലീഷിലുമുള്ള ഈ പത്രത്തിന്റെ 1910 ലെ കോപ്പികളാണ് ഇദ്ദേഹത്തിന്റെ കൈവശം ഉള്ളത്. വിദേശ പത്രങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പുറത്തിറക്കിയ പത്രങ്ങളും കാണാം.

പഴയകാല എഴുത്തോലപ്പെട്ടി, എഴുത്തോല, കപ്പലിലെ ഫോൺ, അന്ധർ ഉപയോഗിച്ചിരുന്ന ടൈപ്പ്റൈറ്റിംഗ്, ഫിലിപ്പ്സ് നിർമിച്ച മൂന്നാമത്തെ വാൾവ് റേഡിയോ, 1946 ൽ ആലപ്പുഴക്കാരനായ വ്യക്തി കണ്ടുപിടിച്ച ക്യാമറ, പണ്ട് കാലത്ത് വിവാഹച്ചടങ്ങ്, സിനിമ തുടങ്ങിയവ ഷൂട്ടിംഗ് ചെയ്തിരുന്ന ബ്ലാക്ക് & വൈറ്റ് ക്യാമറ, മിലിട്ടറിക്കാർ പരസ്പരം ആശയ വിനിമയം നടത്താൻ ഉപയോഗിച്ചിരുന്ന ടെലിഫോൺ, കപ്പൽ ജീവനക്കാർ ഉപയോഗിച്ചിരുന്ന ഫോൺ, രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളക്കാർ ഉപയോഗിച്ചിരുന്ന ഫോൺ, ഗ്രാമഫോൺ, പള്ളികളിൽ ബാങ്ക് വിളി സമയം അറിയിക്കാൻ അടിച്ചിരുന്ന നഗാര, ഇങ്ങനെ തുടരുന്നു…
ഓരോന്നിനെക്കുറിച്ചും മറ്റുള്ളവർക്ക് അറിയുന്നതിന് അതേക്കുറിച്ചുള്ള ചെറു വിവരണം അതോടൊപ്പം എഴുതി വെച്ചിട്ടുമുണ്ട്.

അമൂല്യമായ നിരവധി ഗ്രന്ഥങ്ങളും റഫീഖിന്റെ വശം കാണാം. 50 പൈസ, ഒരു രൂപയൊക്കെ വിലയാണ് അന്ന് ഈ പുസ്തകങ്ങൾക്കുള്ളത്.ഏതെങ്കിലും പുരാതന വസ്തു എവിടെയെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ പിന്നെ അത് സ്വന്തമാക്കുന്നതിനുള്ള ശ്രമമാണ് റഫീഖിന്. സംസ്ഥാനത്തിന് പുറത്തോ, രാജ്യത്തിന് പുറത്തോ ആണെങ്കിലും എങ്ങനെയെങ്കിലും അത് ഇദ്ദേഹം തേടിപ്പിടിച്ചിരിക്കും.

പല കലക്്ഷനുകളും സ്വന്തമാക്കുന്നത് മറ്റേതെങ്കിലും കളക്്ഷൻ ഉള്ള ആളുടെ കൈയിൽ നിന്നും മാറ്റത്തിനോ പണം കൊടുത്തോ ആണ്. പിന്നെ സുഹൃത്തുക്കളും ഇഷ്ടം അറിയുന്നതുകൊണ്ട് വാങ്ങിക്കൊണ്ട് വരാറുണ്ട് എന്ന് റഫീഖ് പറഞ്ഞു. ദൂരെയുള്ള സുഹൃത്തുക്കളാണെങ്കിൽ അവർ കൊണ്ടുവന്ന് നാട്ടിലെത്തിയ ശേഷം പോസ്റ്റ് വഴിയോ കൊറിയർ വഴിയോ അയച്ചു തരികയാണ് പതിവ്.

പല സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മുഹമ്മദ് റഫീഖിന്റെ ശേഖരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കാറുണ്ട്.കർണാടകയിലെ ശ്രീരംഗപട്ടണത്ത് ജോലി ചെയ്തിരുന്ന സമയത്ത് റഫീഖ് ജന്മദിനത്തിന് എല്ലാ വർഷവും പൊതു സ്ഥലത്ത് വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. അന്ന് ഇദ്ദേഹത്തിന് സ്ഥലം എം എൽ എയുടെ പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആ സ്ഥലം ഇന്ന് വലിയ കാടായി മാറിയിട്ടുണ്ട്.

പ്രീഡിഗ്രി വരെ പഠിച്ചിട്ടുള്ള മുഹമ്മദ് റഫീഖ് വിദ്യാഭ്യാസത്തിനുശേഷം കർണാടകയിലെ ബേക്കറിയിൽ ജോലി ചെയ്തു.പിന്നീട് മഹാരാഷ്ട്രയിൽ അഞ്ച് വർഷത്തോളം ഹോട്ടൽ നടത്തി. ശേഷം ഊട്ടിക്കടുത്ത് മസിനഗുഡിയിൽ റിസോർട്ട് തുടങ്ങി. പിന്നീട് മൈസൂരു, വയനാട് എന്നിവിടങ്ങളിൽ ബിസിനസുമായി വർഷങ്ങളോളം കഴിഞ്ഞു.മൈസൂരുവിൽ റിസോർട്ട് ഉള്ള സമയത്താണ് മരങ്ങൾ വെച്ചുപിടിപ്പിച്ചത്. പിന്നീട് കൊവിഡ് കാലത്ത് എല്ലാം അവസാനിപ്പിച്ച് സ്വന്തം നാടായ കക്കാട് പലചരക്ക് കട നടത്തി. ഇപ്പോൾ തിരിപ്പൂരിൽ ബേക്കറി നടത്തുകയാണ്. സൽമയാണ് ഭാര്യ. റിഫ ഫാത്വിമ, മുഹമ്മദ് റിശാൻ, റിൻശ എന്നിവർ മക്കളാണ്.

Latest