Kerala
വിമതരെയും സ്വതന്ത്രനെയും ഒപ്പം നിര്‍ത്തി; പന്തളം നഗരസഭയില്‍ ബി ജെ പിക്ക് ഭരണത്തുടര്‍ച്ച
യു ഡി എഫിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പന്തളം | പന്തളം നഗരസഭയില്‍ ചെയര്‍മാനായി ബി ജെ പിയിലെ അച്ചന്‍കുഞ്ഞ് ജോണിനെയും, ഡെപ്യൂട്ടി ചെയര്‍പേഴ്സണായി യു രമ്യയെയും തിരഞ്ഞെടുത്തു. വിമത സ്വരം ഉയര്‍ത്തിയവരെയും സ്വതന്ത്രനെയും ഒപ്പം നിര്‍ത്തിയാണ് ബി ജെ പി ഭരണത്തുടര്‍ച്ച നേടിയത്.
നവം: 22ന് എല്‍ ഡി എഫ് നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്ത കഴിഞ്ഞ നാലിന് നഗരസഭ ചെയര്‍പേഴ്സണ്‍ ആയിരുന്ന സുശീല സന്തോഷ്, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ യു രമ്യ എന്നിവര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി ജെ പി വിമതന്റെ പിന്തുണയോടെ എല്‍ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന്റെ തലേന്നാള്‍ ഇരുവരും രാജിവെക്കുകയായിരുന്നു.
നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ റിട്ടേണിങ് ഓഫീസര്‍ ഇ എസ് അംബികയുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. യു ഡി എഫിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രാവിലെ യോഗത്തില്‍ പങ്കെടുത്ത യു ഡി എഫ് കൗണ്‍സിലറും കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതി അംഗവുമായ കെ ആര്‍ രവി വോട്ട് രേഖപ്പെടുത്തിയില്ല. എന്നാല്‍ ഉച്ചയ്ക്കു ശേഷം നടന്ന ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ കെ ആര്‍ രവി വിട്ടുനില്‍ക്കുകയും ചെയ്തു. യു ഡി എഫ് പൂര്‍ണമായും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
ബി ജെ പി സ്ഥാനാര്‍ഥിയായി അച്ചന്‍കുഞ്ഞ് ജോണിനെ മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് നിര്‍ദേശിക്കുകയായിരുന്നു. താത്ക്കാലിക ചെയര്‍മാന്‍ ആയിരുന്ന ബെന്നി മാത്യു പിന്താങ്ങി. തിരഞ്ഞെടുപ്പില്‍ 29 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. ബി ജെ പിയിലെ അച്ചന്‍കുഞ്ഞ് ജോണിന് 19 വോട്ടും എല്‍ ഡി എഫിലെ ലസിതാ നായര്‍ക്ക് ഒമ്പത് വോട്ടും ലഭിച്ചു.
ഉച്ചയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 28 കൗണ്‍സിലംഗങ്ങല്‍ മാത്രമാണ് പങ്കെടുത്തത്. ബി ജെ പിയിലെ യു രമ്യയ്ക്ക് 19ഉം എല്‍ ഡി എഫിലെ ശോഭനാകുമാരിക്ക് ഒമ്പതും വോട്ട് ലഭിച്ചു. സ്വതന്ത്രന്‍ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ ഇരു തിരഞ്ഞെടുപ്പിലും ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു.