National
കെജ്‌രിവാള്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവ്; മോദിക്ക് അധികാരത്തിന്റെ അഹങ്കാരം: സുനിത കെജ് രിവാള്‍
'പൊതുജനത്തിന് എല്ലാം അറിയാം. എല്ലാവരെയും അടിച്ചമര്‍ത്താനാണ് മോദി ശ്രമിക്കുന്നത്.'
ന്യൂഡല്‍ഹി | അരവിന്ദ് കെജ് രിവാള്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവാണെന്ന് ഭാര്യ സുനിത കെജ്‌രിവാള്‍. പൊതുജനത്തിന് എല്ലാം അറിയാമെന്നും സുനിത പറഞ്ഞു. എല്ലാവരെയും അടിച്ചമര്‍ത്താനാണ് മോദി ശ്രമിക്കുന്നത്. മോദിക്ക് അധികാരത്തിന്റെ അഹങ്കാരമാണെന്നും സുനിത വ്യക്തമാക്കി.
മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിടണമെന്ന ഇ ഡി ആവശ്യത്തില്‍ ഉത്തരവ് വൈകുകയാണ്. റോസ് അവന്യൂ കോടതിയില്‍ മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഉത്തരവ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നാണ് വാദം കേട്ട ബഞ്ചില്‍ നിന്നുള്ള വിവരം.
കെജ്‌രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ ഡി ആവശ്യം. കെജ്‌രിവാളിനെ ശിക്ഷിച്ചാല്‍ ഡല്‍ഹി ഭരണത്തിന് ആര് നേതൃത്വം നല്‍കുമെന്ന് കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച സജീവമാണ്. ജയിലിലായാലും അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിനകത്തു നിന്ന് ഭരണത്തിന് നേതൃത്വം നല്‍കുമെന്നുമാണ് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍, ഇത് എത്രത്തോളം സാധ്യമാകുമെന്നത് ചര്‍ച്ചാവിഷയമാണ്. അതിനാല്‍, സാഹചര്യം പ്രതികൂലമായാല്‍ സുനിത കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കി ഡല്‍ഹി ഭരണം തുടരാനുള്ള ആലോചനയും പാര്‍ട്ടിക്കുള്ളിലുണ്ട്.