National
കെജ് രിവാളിന്റെ ജാമ്യം സ്‌റ്റേ ചെയ്തത് അസാധാരണ നടപടിയെന്ന് സുപ്രീംകോടതി
ഹരജി ബുധനാഴ്ചത്തേക്ക് മാറ്റി
ന്യൂഡല്‍ഹി | മദ്യനയ അഴിമതിക്കേസില്‍ കെജ് രിവാളിന്റെ ജാമ്യം തടഞ്ഞ ഡല്‍ഹി ഹൈക്കോടതി നടപടി അസാധാരണമാണെന്ന് സുപ്രീംകോടതി. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയില്‍ കെജ് രിവാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സപ്രീംകോടതിയുടെ നിരീക്ഷണം.
ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറങ്ങും മുന്‍പ് തീരുമാനമെടുക്കുന്നില്ല. ഇപ്പോള്‍ തീരുമാനമെടുത്താല്‍ അത് മുന്‍വിധിയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെജ് രിവാള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ പൂര്‍ണരൂപം കാണുന്നതിന് മുന്‍പ് ഹൈക്കോടതി അത് സ്റ്റേ ചെയ്തത നടപടി അസ്വഭാവികമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണകോടതി ജാമ്യം നല്‍കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വിചാരണക്കോടതിയായ ഡല്‍ഹി റോസ്അവന്യൂ കോടതിയുടെ ഉത്തരവിന് എതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കുന്നത് വരെ വിചാരണ കോടതി അനുവദിച്ച ജാമ്യം സ്‌റ്റേ ചെയ്യുന്നതായി വെള്ളിയാഴ്ച ഹൈക്കോടതി പറഞ്ഞിരുന്നു. ഹൈക്കോടതി ജസ്റ്റിസുമാരായ സുധീര്‍ കുമാര്‍ ജെയ്ന്‍ ,രവീന്ദ്രര്‍ ദുഡേജ എന്നിവരാണ് താല്‍ക്കാലികമായി ജാമ്യം സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിട്ടത്.
ജാമ്യം അനുവദിച്ചതിന്റെ പിന്നാലെ ആദ്യ ദിവസം തന്നെ വിധി ചോദ്യം ചെയ്യുന്നത് അസാധാരണമാണെന്ന് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രിംകോടതിയെ അറിയിച്ചു.