National
ഡല്‍ഹിയില്‍ വന്‍ റോഡ് ഷോയുമായി കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍
ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കാനും എഎപിക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ആദ്യമായി പ്രചാരണത്തിന് ഇറങ്ങി. ഈസ്റ്റ് ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനാണ് സുനിത കെജ്രിവാള്‍ ഇറങ്ങിയത്.
വന്‍ റോഡ് ഷോയോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. കെജ്രിവാളിനെ സിംഹമെന്ന് വിശേഷിപ്പിച്ച സുനിത അദ്ദേഹത്തെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് റോഡ് ഷോയില്‍ പറഞ്ഞു. സ്‌കൂള്‍ പണിതതിനും സൗജന്യ വൈദ്യുതി നല്‍കിയതിനുമാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ജയിലിലാക്കിയത്. ഏകാധിപത്യത്തിന് അന്ത്യം കുറിക്കാനും ജനാധിപത്യം സംരക്ഷിക്കാനും എഎപിക്ക് എല്ലാവരും വോട്ട് ചെയ്യണമെന്ന് സുനിത കെജ്രിവാള്‍ അഭ്യര്‍ഥിച്ചു.
മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി നേതൃത്തം നേരത്തെ അറിയിച്ചിരുന്നു.
മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ മാസമാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. ഇനി മെയ് ഏഴിനാണ് അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കുക.