Editors Pick
കെജ്രിവാളും ഇന്‍സുലിനും: എപ്പോഴാണ് ഒരു വ്യക്തിക്ക് ഇന്‍സുലിന്‍ ചികിത്സ ആവശ്യമായി വരുന്നത്?
ശരിയായ ഭക്ഷണക്രമത്തിനും വ്യായാമത്തിനും ആവശ്യമായ മരുന്ന് ഉപയോഗത്തിനും ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി തുടരുകയാണെങ്കില്‍ പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഇന്‍സുലിന്‍ ചികിത്സ ആവശ്യമാണ്.
ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ഷുഗര്‍ ലെവലും ഇന്‍സുലിന്‍ കുത്തിവെപ്പും ഒക്കെയാണ് കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്ന ഒരാളാണ് കെജ്രിവാള്‍. നമുക്കറിയാം കെജ്രിവാള്‍ മാത്രമല്ല ഒരുപാട് പേര്‍ ഇന്‍സുലിന്‍ കുത്തിവെക്കുന്നവരായിട്ടുണ്ട്. എന്തിനാണ് ഇന്‍സുലിന്‍ കുത്തിവെക്കുന്നത് അല്ലെങ്കില്‍ ഏത് അവസ്ഥയിലാണ് ഒരാള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെപ്പ് ആവശ്യമായി വരുന്നതെന്ന് നോക്കാം.
സാധാരണയായി മനുഷ്യ ശരീരത്തിലെ പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഒരുതരം ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. ഇത് ശരീരത്തെ ഭക്ഷണത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് ഉപയോഗിക്കാനും സംഭരിക്കാനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ടൈപ്പ് ടു പ്രമേഹം ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നില്ല അല്ലെങ്കില്‍ നിങ്ങളുടെ ശരീരം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കുന്നില്ല എന്നാണ്. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി ഉയരുന്നത് തടയാന്‍ ഇന്‍സുലിന്‍ തെറാപ്പി ഉപയോഗിക്കേണ്ടി വന്നേക്കാം.
ശരിയായ ഭക്ഷണക്രമത്തിനും വ്യായാമത്തിനും ആവശ്യമായ മരുന്ന് ഉപയോഗത്തിനും ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി തുടരുകയാണെങ്കില്‍ പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഇന്‍സുലിന്‍ ചികിത്സ ആവശ്യമാണ്. ഇന്‍സുലിന്‍ ഒരു വ്യക്തിയുടെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കുറഞ്ഞ അളവില്‍ ഇന്‍സുലിന്‍ അല്ലെങ്കില്‍ ഇന്‍സുലിന്‍ ഇല്ലാതിരിക്കുന്ന അവസ്ഥ തടയുന്നതിനും സഹായിക്കുന്നു. ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ കൃത്യമായി ഇന്‍സുലിന്‍ എടുക്കുന്നതും പ്രധാനമാണ്.