National
കെജ്രിവാളിന് അസാധാരണ ഇടക്കാല ജാമ്യം നല്‍കണം; പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി
ഹരജിക്കാരന് 75,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അസാധാരണ ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ് ഹരജി സമര്‍പ്പിച്ചത്.
കോടതി ഉത്തരവനുസരിച്ചാണ് കെജ്രിവാള്‍ ജയിലില്‍ കഴിയുന്നതെന്ന് ഡല്‍ഹി കോടതി ഹരജിക്കാരനെ ഓര്‍മപ്പെടുത്തി. കൂടാതെ ഹരജിക്കാരന് 75,000 രൂപ പിഴ ചുമത്തുകയും ചെയ്തു. റിട്ട് അധികാരപരിധിയിലുള്ള കോടതികള്‍ക്ക് ഉയര്‍ന്ന പദവിയിലുള്ള വ്യക്തിക്കെതിരെയുള്ള തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളില്‍ അസാധാരണമായ ഇടക്കാല ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം തിഹാര്‍ ജയിലില്‍ പ്രമേഹ ചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹരജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഇന്ന് വിധി പറയുക. ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം, ദിവസവും വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറുമായി ആരോഗ്യ കാര്യങ്ങള്‍ സംസാരിക്കാന്‍ അനുമതി നല്‍കണമെന്നിവയാണ് കെജ്രിവാളിന്റെ ആവശ്യങ്ങള്‍.
ജയിലിലെ തെറ്റായ ആഹാരക്രമമാണ് പ്രമേഹം ഉയരാന്‍ കാരണമെന്നായിരുന്നു ഇ.ഡിയുടെ വാദം. ബോധപൂര്‍വം സ്ഥിരമായി മാങ്ങയും ഉരുളക്കിഴങ്ങും കഴിച്ച് പ്രമേഹം വര്‍ധിക്കാന്‍ കെജ്രിവാള്‍ ശ്രമിച്ചു എന്നാണ് ഇ.ഡിയുടെ ആരോപണം.