Connect with us

Articles

നീറ്റില്‍ തോറ്റ് കേന്ദ്രം; അപ്രത്യക്ഷമാകുന്ന പരീക്ഷകള്‍

കുട്ടികളുടെ ആശങ്ക ഇക്കാര്യത്തില്‍ മറ്റെല്ലാ കാര്യങ്ങളേക്കാളും വലുതും, പ്രാധാന്യമേറിയതുമാണ്. വലിയ പ്രതീക്ഷകളോടെയാണ് കുട്ടികള്‍ നീറ്റ് പോലെയുള്ള പരീക്ഷകളെ സമീപിക്കുന്നത്. കുട്ടികളുടെ ഭാവിക്കൊപ്പം മെഡിക്കല്‍ രംഗത്ത് കഴിവുള്ള കുട്ടികള്‍ വരേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ പ്രധാനമാണ്. അവിടേക്കാണ് ഇരുപതും മുപ്പതും ലക്ഷങ്ങള്‍ നല്‍കി തങ്ങളുടെ മക്കളെ ഒന്നാമതാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരീക്ഷകള്‍ അട്ടിമറിക്കുന്നത്.

Published

|

Last Updated

ദേശീയ പരീക്ഷകളായ നീറ്റ്, ജെ ആര്‍ എഫ് നെറ്റ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകള്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ അലയൊലികള്‍ അവസാനിക്കുന്നില്ല. ആധികാരികതയുടെയും വിശ്വാസ്യതയുടെയും അവസാന വാക്കായി നാം കണ്ടിരുന്ന, നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയിലും, ഗവേഷണവും അധ്യാപനവും നടത്തുന്നതിനു വേണ്ടിയുള്ള നെറ്റ് പരീക്ഷയിലും അഴിമതിയുടെ കറ പുരളുന്നത് ഇതെഴുതിയ ലക്ഷക്കണക്കിന് കുട്ടികളുടെ കഷ്ടപ്പാടിന്റെ കൂടി കഥകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ജൂണ്‍ പതിനാലിന് നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ധൃതിപിടിച്ച് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തതാകട്ടെ രാജ്യത്തിന്റെ ഭാഗധേയം തന്നെ നിശ്ചയിക്കപ്പെടുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്ന അതേദിവസം തന്നെ. ആനക്കാര്യത്തിനിടക്ക് ചേനക്കാര്യത്തിന്റെ പിന്നാലെ ആളുകള്‍ പോകില്ലായെന്ന് കരുതിയിടത്താണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയത്.

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമ്മതിച്ചു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയേറിയ പരീക്ഷകളിലൊന്നായ നീറ്റ് പരീക്ഷയുടെ മേല്‍ ആദ്യത്തെ കറ പുരണ്ടു. ചരിത്രത്തില്‍ ആദ്യമായി 64 പേര്‍ക്ക് ഒന്നാം റാങ്ക് കൂടി കിട്ടിയതോടെ സംശയങ്ങള്‍ കൂടുകയും ചെയ്തു. പിന്നാലെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാന്‍ കോടതി ഉത്തരവിടുന്നു. ഇപ്പോഴും പൂര്‍ണമായ ചിത്രം വെളിവാകാതെ പരീക്ഷയെഴുതിയ 23 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ആശങ്കയുടെ മുള്‍മുനയില്‍ തന്നെ കഴിയുന്നു.

ഇവിടെ കുറ്റക്കാരെ നിയമത്തിന്റെ വഴിയില്‍ കൊണ്ടുവരുന്നതോടെയും അവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതോടെയും പ്രശ്നം അവസാനിച്ചോ? അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ പരീക്ഷ ആവിഷ്‌കരിക്കുന്നതോടെ എല്ലാം ശരിയാകുമോ? ഒരുപക്ഷേ, ഈ വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യവും ഇതുതന്നെയാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ 23 ലക്ഷം കുട്ടികളുടെ പ്രതീക്ഷകള്‍ക്ക് മുകളിലേക്ക് അടര്‍ന്നുവീണ ഈ ആശങ്ക എങ്ങനെയാണ് നമുക്ക് പരിഹരിക്കാന്‍ കഴിയുക!

നീറ്റ് പരീക്ഷയുടെ ആവശ്യകതയുമായി ബന്ധപ്പെട്ട് മറുവാദങ്ങളും വിവാദങ്ങളും നിലവിലുണ്ടെങ്കിലും സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ ചൂഷണം ഒഴിവാക്കി അര്‍ഹതയും കഴിവുമുള്ള പാവപ്പെട്ട കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് 2012ല്‍ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അഥവാ നീറ്റ് എന്ന പൊതുവായ ഒരു എന്‍ട്രന്‍സ് പരീക്ഷ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കായിരുന്നു നടത്തിപ്പ് ചുമതല. അങ്ങനെ 2013ല്‍ ആദ്യമായി പരീക്ഷ നടത്തിയെങ്കിലും, തങ്ങളുടെ സംസ്ഥാനങ്ങളിലെ സിലബസുമായി നീറ്റ് പരീക്ഷയുടെ സിലബസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി ബംഗാള്‍, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും നീറ്റ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. കോളജുകള്‍ നടത്തുന്ന പരീക്ഷകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കൂടി പ്രഖ്യാപിച്ചു.

എന്നാല്‍, സ്വകാര്യ കോളജുകളുടെ വിദ്യാഭ്യാസ കച്ചവടം തിരിച്ചറിഞ്ഞ സുപ്രീം കോടതി 2016ല്‍ നീറ്റ് പരീക്ഷ പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ നീറ്റ് പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജുകളില്‍ മെറിറ്റ് സീറ്റുകളില്‍ പഠിക്കുന്നത്. മാനേജ്മെന്റ് സീറ്റുകള്‍ ഉണ്ടെങ്കിലും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ താരതമ്യേന കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിയുന്നതും നീറ്റ് പരീക്ഷയെ വ്യത്യസ്തമാക്കുകയും ജനകീയമാക്കുകയും ചെയ്തു. ഈ വര്‍ഷം ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ നീറ്റിന്റെ എല്ലാ വിശ്വാസ്യതയെയും തകര്‍ക്കുന്നതായിരുന്നു. വൈകി ചോദ്യപേപ്പര്‍ നല്‍കിയ കുട്ടികള്‍ക്ക് കൂടുതല്‍ സമയം നല്‍കി പരിഹരിക്കേണ്ടതിനു പകരം ഗ്രേസ് മാര്‍ക്ക് നല്‍കിയത് ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്ന് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ആശങ്കയിലായ ലക്ഷക്കണക്കിന് കുട്ടികളില്‍ ഒരാളുടെ അവസ്ഥ നോക്കാം. ആ കുട്ടിക്ക് ഇത്തവണ ലഭിച്ചത് 652 മാര്‍ക്കാണ്. കഴിഞ്ഞ തവണ ഇതേമാര്‍ക്ക് കിട്ടിയവര്‍ക്ക് ലഭിച്ച റാങ്ക് ഏഴായിരം ആയിരുന്നു. എന്നാല്‍ ഇത്തവണ ഇതേമാര്‍ക്ക് കിട്ടിയവര്‍ക്കാകട്ടെ ലഭിക്കുന്ന റാങ്ക് ഇരുപത്തിയേഴായിരവും. ഈ കുട്ടിക്ക് ഇത്തവണ ഒരു കോളജിലും പ്രവേശനം ലഭിക്കില്ല. ഒരു മാര്‍ക്കിനു പോലും നൂറുകണക്കിന് റാങ്കുകള്‍ക്ക് പിന്നിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകുമ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച, പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുട്ടികളോട് എന്ത് മറുപടിയാണ് ഏജന്‍സിക്ക് പറയാന്‍ കഴിയുക? ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 കുട്ടികളില്‍ പുനഃപരീക്ഷക്ക് ഹാജരായത് വെറും 813 പേര്‍ മാത്രമാണ്. ഇത്തരത്തില്‍ ആകെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന അവസ്ഥയില്‍ ഇനി എന്ത് എന്ന ആശങ്കയില്‍ തന്നെയാണ് കുട്ടികള്‍.

1,563 കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയാല്‍ തന്നെയും ഇത്രയധികം റാങ്കിന്റെ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കുട്ടികള്‍ ഒന്നടങ്കം പറയുമ്പോള്‍ സമൂലമായ ഒരു അഴിച്ചുപണി തന്നെയാണ് പരിഹാരമെന്ന് പറയേണ്ടിവരും. ഇത്തരത്തില്‍ പരീക്ഷ പൂര്‍ണമായും റദ്ദുചെയ്ത് വീണ്ടും പരീക്ഷ നടത്തുകയാണ് നല്ലത് എന്ന് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നുവരുന്നുണ്ട്. ഇത്തവണ പരീക്ഷയില്‍ കഷ്ടപ്പെട്ടു പഠിച്ച് ഉന്നത വിജയം നേടിയ കുട്ടികള്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചിരിക്കുന്ന സാഹചര്യത്തില്‍, അതിനെ അരിഞ്ഞുവീഴ്ത്തുന്ന അവസ്ഥയും സംജാതമാകുന്നുണ്ട്. ഇനിയും മറ്റൊരു പരീക്ഷയെ അഭിമുഖീകരിക്കാനുള്ള അവരുടെ മാനസികാവസ്ഥ ആ കടമ്പകള്‍ കടന്നുവന്നവര്‍ക്കു മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പല പ്രവൃത്തികളും സംശയ മുനയില്‍ തന്നെയാണ്. ഈ പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ അവര്‍ നടത്തിയ പത്രസമ്മേളനത്തില്‍ എത്ര ഗ്രേസ് മാര്‍ക്കാണ് നല്‍കിയതെന്നോ അത് എത്രപേര്‍ക്ക് നല്‍കിയെന്നോ ഏത് സെന്ററുകളിലാണ് എന്നോ ഒന്നും കൃത്യമായി പറഞ്ഞിട്ടില്ല എന്നതും ആശങ്ക കൂട്ടുകയാണ്. സുപ്രീം കോടതിയില്‍ ഇപ്പോള്‍ അവധിക്കാല ബഞ്ചാണ് പ്രവര്‍ത്തിക്കുന്നത്. സീനിയര്‍ വക്കീലന്മാര്‍ ഇല്ലാത്ത സമയത്ത് സുപ്രീം കോടതിയില്‍ ഇത്തരം ഏറെ പ്രാധാന്യമുള്ള ഒരു കേസ് എത്തുമ്പോള്‍ അതിന്റെ ആധികാരികത കൂടുതലായി മനസ്സിലാക്കി ഇഴകീറി പരിശോധിക്കുന്ന അവസ്ഥ ഇല്ലാതാകുമോ എന്നതും ഈ കേസിനെ സംബന്ധിച്ച് പ്രസക്തമാണ്.

മാധ്യമങ്ങള്‍ ഈ വിഷയത്തോട് കാണിച്ച താത്പര്യവും അത്ര ശുഭകരമായിരുന്നില്ല. തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ പെരുമഴപ്പെയ്ത്തിനിടയില്‍ ഇത്രയേറെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തെ പിന്നാക്കം നിര്‍ത്തിയത് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ വലിയ പാതകമാണ് (വിശദമായി ചര്‍ച്ച ചെയ്ത മാധ്യമങ്ങളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല). വിഷയം പുറത്തായപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തലവനെ അന്വേഷണ കമ്മീഷന്റെ ചെയര്‍മാനാക്കിയത് വിരോധാഭാസമെന്നേ പറയാന്‍ കഴിയുകയുള്ളൂ.

എല്ലാത്തിനും മീതെ, പൊതുസമൂഹത്തിന്റെ ആശങ്കക്ക് കാരണമാകുന്ന മറ്റൊന്ന്, ഇത്ര വലിയ ഒരു അഴിമതി സംഭവിച്ചിട്ടും വിദ്യാര്‍ഥി സംഘടനകളുടെ ഭാഗത്ത് നിന്ന് ശക്തമായ സമരങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകുന്നില്ല എന്നതാണ്. സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം പ്രതികരിക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ എന്തുകൊണ്ടായിരിക്കാം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത്. നീറ്റ് പോലെയുള്ള വിഷയങ്ങള്‍ പൊതുവെ എലൈറ്റ് ഗ്രൂപ്പിലുള്ള കുട്ടികളുടെയും അവരുടെ രക്ഷാകര്‍ത്താക്കളുടെയും മാത്രം വിഷയമായി മാറുന്നതിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണവും പിടിപാടുമുള്ള, പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികളുടെ പ്രശ്നം മാത്രമല്ലിത്. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും മാത്രം നെഞ്ചിലേറ്റി ഈ പരീക്ഷയെ സമീപിച്ചവരും ഉണ്ടെന്ന വാസ്തവം സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുട്ടികളുടെ മെറിറ്റ് ആസ്പദമാക്കി നടത്തിയിരുന്ന ചില പരീക്ഷകള്‍ അപ്രത്യക്ഷമായ വിഷയം കൂടി ഇവിടെ പ്രതിപാദിക്കേണ്ടതുണ്ട്. എന്‍ സി ഇ ആര്‍ ടി നടത്തിവന്ന എട്ടാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലെയും കുട്ടികള്‍ക്കായുള്ള നാഷനല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ കഴിഞ്ഞ വര്‍ഷമാണ് യാതൊരു മുന്നറിയിപ്പും കൂടാതെ സര്‍ക്കാര്‍ റദ്ദാക്കിയത്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ കുട്ടികള്‍ക്ക് ഗവേഷണ അവസരങ്ങള്‍ നല്‍കാനുള്ള തിരഞ്ഞെടുപ്പിനായുള്ള കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന എന്ന പരീക്ഷയും അടുത്തിടെ യാതൊരു കാരണവുമില്ലാതെ നിര്‍ത്തലാക്കുകയുണ്ടായി. ഇത് ആരെങ്കിലും ചര്‍ച്ച ചെയ്യുകയോ എവിടെയെങ്കിലും പ്രതിഷേധം ഉയരുകയോ ഉണ്ടായിട്ടില്ല. രാജ്യത്ത് പഠനസംബന്ധിയായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ഉദാസീനതയുടെ ഉദാഹരണങ്ങള്‍ ഇങ്ങനെ വീണ്ടും പെരുകുമ്പോള്‍, നീറ്റ് പോലെയുള്ള പരീക്ഷകളിലെ ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതില്‍ അത്ഭുതമില്ല.

കുട്ടികളുടെ ആശങ്ക ഇക്കാര്യത്തില്‍ മറ്റെല്ലാ കാര്യങ്ങളേക്കാളും വലുതും, പ്രാധാന്യമേറിയതുമാണ്. വലിയ പ്രതീക്ഷകളോടെയാണ് കുട്ടികള്‍ നീറ്റ് പോലെയുള്ള പരീക്ഷകളെ സമീപിക്കുന്നത്. കുട്ടികളുടെ ഭാവിക്കൊപ്പം മെഡിക്കല്‍ രംഗത്ത് കഴിവുള്ള കുട്ടികള്‍ വരേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ പ്രധാനമാണ്. അവിടേക്കാണ് ഇരുപതും മുപ്പതും ലക്ഷങ്ങള്‍ നല്‍കി തങ്ങളുടെ മക്കളെ ഒന്നാമതാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരീക്ഷകള്‍ അട്ടിമറിക്കുന്നത്. ഓരോ കുട്ടിയുടെയും ആശങ്ക ദൂരീകരിച്ചുകൊണ്ടുള്ള തീരുമാനം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest