Connect with us

Kerala

ശൈഖ് ഉത്വയ്ബ കേരളത്തിന്റെ ഉറ്റ മിത്രം: ഗ്രാന്‍ഡ് മുഫ്തി

സുന്നി പ്രസ്ഥാനങ്ങള്‍ക്ക് കീഴില്‍ നടക്കുന്ന സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് വലിയ സഹായങ്ങള്‍ ചെയ്ത വ്യക്തിയായിരുന്നു ശൈഖ് ഉത്വയ്ബയെന്നും മര്‍കസിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങളില്‍ അദ്ദേഹത്തിനുള്ള പങ്ക് വിലമതിക്കാനാവാത്തതാണെന്നും ഗ്രാന്‍ഡ് മുഫ്തി.

Published

|

Last Updated

മര്‍കസില്‍ നടന്ന ശൈഖ് ഉത്വയ്ബ അനുസ്മരണ പ്രാര്‍ഥനാ സംഗമത്തിന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു.

കോഴിക്കോട് | കഴിഞ്ഞ ദിവസം വിടപറഞ്ഞ യു എ ഇ പൗരപ്രമുഖനും കവിയുമായ ശൈഖ് സഈദ് ബിന്‍ അഹ്മദ് അല്‍ ഉത്വയ്ബ കേരളത്തിന്റെ ഉറ്റമിത്രവും ഇന്ത്യക്കാരെയും മലയാളികളെയും ഏറെ സ്‌നേഹിച്ച വ്യക്തിയുമായിരുന്നുവെന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസില്‍ നടന്ന ശൈഖ് ഉത്വയ്ബ അനുസ്മരണ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സദസ്സിന് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുന്നി പ്രസ്ഥാനങ്ങള്‍ക്ക് കീഴില്‍ നടക്കുന്ന സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് വലിയ സഹായങ്ങള്‍ ചെയ്ത വ്യക്തിയായിരുന്നു ശൈഖ് ഉത്വയ്ബയെന്നും മര്‍കസിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങളില്‍ അദ്ദേഹത്തിനുള്ള പങ്ക് വിലമതിക്കാനാവാത്തതാണെന്നും ഗ്രാന്‍ഡ് മുഫ്തി അനുസ്മരിച്ചു. വ്യക്തിപരമായ സൗഹൃദം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ചും നന്മയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തും നാടിന്റെ സാമൂഹിക വികസനത്തിനായി അദ്ദേഹം വിനിയോഗിച്ചു. ശൈഖ് ഉത്വയ്ബയുടെ കേരളത്തിനോടുള്ള സ്‌നേഹത്തില്‍ നന്ദിയും കടപ്പാടും പ്രാര്‍ഥനയും ഉണ്ടാവണമെന്നും കാന്തപുരം പറഞ്ഞു.

ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ ശൈഖ് ഉത്വയ്ബയുടെ സേവനങ്ങള്‍ പങ്കുവെച്ച് പ്രസംഗിച്ചു.

സംഗമത്തില്‍ വി പി എം ഫൈസി വില്യാപ്പള്ളി, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുസത്താര്‍ കാമില്‍ സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, പി സി അബ്ദുല്ല ഫൈസി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, ബശീര്‍ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ സംബന്ധിച്ചു.