pax moralia
ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കണം: എസ് എസ് എഫ്
അഞ്ച് ദിവസം നീണ്ടുനിന്ന കാമ്പസ് യാത്ര പ്രധാനപ്പെട്ട 30 കാമ്പസുകളിലെ സ്വീകരണത്തിന് ശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സംഗമിക്കുകയായിരുന്നു.
മലപ്പുറം | പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കുമ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിറകിൽ പോകുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ അപ്രസക്തമാക്കുന്നതാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി പറഞ്ഞു. ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് യാത്രയായ പാക്സ് മൊറാലിയയുടെ കേരളത്തിലെ പര്യടനത്തിന്റെ സമാപന സംഗമം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസ കുടിയേറ്റം വ്യാപകമാകുന്നതിനാൽ സംസ്ഥാനത്തിൻ്റെ വിഭവശേഷിയിൽ വലിയ കുറവാണുണ്ടാകുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ലോക നിലവാരത്തിലേക്ക് ഉയരുകയാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലുമായി അഞ്ച് ദിവസം നീണ്ടുനിന്ന കാമ്പസ് യാത്ര പ്രധാനപ്പെട്ട 30 കാമ്പസുകളിലെ സ്വീകരണത്തിന് ശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സംഗമിക്കുകയായിരുന്നു.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ഡോ.അബൂബക്കർ, എം ജുബൈർ, ഫിർദൗസ് സഖാഫി കണ്ണൂർ കാമ്പസ് സമിതി അംഗങ്ങളായ ഗഫർ ഇഖ്ബാൽ കശ്മീർ, നജ്മുദ്ദീൻ ഐക്കരപ്പടി സംസാരിച്ചു. എസ് എസ് എഫിന് 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി നടക്കുന്ന കാമ്പസ് പര്യടനം മറ്റു സംസ്ഥാനങ്ങളിലും പൂർത്തിയാക്കി ജമ്മുവിലെ കേന്ദ്ര സർവകലാശാലയിൽ സമാപിക്കും.