Connect with us

National

കേരളത്തിന്റെ തീരദേശ പരിപാലന കരട് പ്ലാനിന് അനുമതി നല്‍കണം; കേരള എംപിമാര്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയെ കണ്ടു

പുതിയ വിജ്ഞാപനത്തില്‍ കൂടുതല്‍ ഇളവുകള്‍ നിര്‍ദ്ദേശിക്കുന്നതിനാല്‍ വലിയ പ്രതീക്ഷയാണ് തീരദേശവാസികള്‍ക്കുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാന തീര പരിപാലന അതോറിറ്റിയും നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റയിനബിള്‍ കോസ്റ്റല്‍ മാനേജ്മെന്റും അംഗീകരിച്ച കേരളം തയ്യാറാക്കിയ തീരദേശ പരിപാലന കരട് പ്ലാനിന് കേന്ദ്ര അനുമതി ലഭ്യമാക്കാന്‍ അടിയന്തിര നടപടികളെടുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവിനെ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിനിധി സംഘം നേരില്‍കണ്ടു.

കേരളം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിന് സാങ്കേതിക സമിതിയുടെ അംഗീകാരം ലഭിച്ചത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. നിലവിലെ തീരദേശ നിയന്ത്രണമേഖലയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ ആശങ്കയാണുള്ളത്. തീരദേശ പരിപാലന പ്ലാനിന്റെ കരടിന് സാങ്കേതിക സമിതി അംഗീകാരം ലഭിച്ചതിനാല്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് മുന്‍പില്‍ ഈ പ്ലാനിന്റെ അംഗീകാരം മാത്രമാണ് ഇനി ശേഷിക്കുന്നത്.

പുതിയ വിജ്ഞാപനത്തില്‍ കൂടുതല്‍ ഇളവുകള്‍ നിര്‍ദ്ദേശിക്കുന്നതിനാല്‍ വലിയ പ്രതീക്ഷയാണ് തീരദേശവാസികള്‍ക്കുള്ളത്. നിലവിലെ സി ആര്‍ സെഡ് ചട്ടപ്രകാരം മത്സ്യത്തൊഴിലാളികളുടെ വീടുകളും വാസസ്ഥലങ്ങളും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയിലായിരുന്നു അവര്‍.മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കാനും, അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കാനും നിലവിലെ നിയന്ത്രണങ്ങള്‍ ഗുരുതരമായി തടസ്സപ്പെടുത്തിയിട്ടുണ്ട്.തീരപരിപാലന പ്ലാനിന് അന്തിമാനുമതി ലഭിക്കുന്നതോടുകൂടി തീരദേശ വാസികളുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വലിയ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം പിമാര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന തീര പരിപാലന അതോറിറ്റിയും നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റയിനബിള്‍ കോസ്റ്റല്‍ മാനേജ്മെന്റും അംഗീകരിച്ച പ്ലാന്‍ കേന്ദ്രാനുമതിക്കായി നല്‍കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഉറപ്പു നല്‍കി.

എം പി മാരായ കെ സി വേണുഗോപാല്‍, ശശി തരൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, കെ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ഫ്രാന്‍സിസ് ജോര്‍ജ്, സന്തോഷ് കുമാര്‍, ജെബി മേത്തര്‍, ഹാരീസ് ബീരാന്‍ എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.യുഡിഎഫ് എംപിമാരുടെ സംഘത്തെ എല്‍ഡിഎഫ് എംപിമാരും അനുഗമിച്ചു

 

Latest