Kerala
കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതാണ്; എയിംസ് കോഴിക്കോട് തന്നെ: മന്ത്രി വീണ ജോര്‍ജ്
ഫയല്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് പോയെങ്കിലും ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നും മന്ത്രി
തിരുവനന്തപുരം | ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ സ്വകാര്യബില്ലിന്റെ പ്രമേയാവതരണത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ സ്ഥലം എയിംസിനുവേണ്ടി ഏറ്റെടുത്തു. 50ഏക്കര്‍ കൂടി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിന് വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി എയിംസ് അനുവദിക്കുന്നെങ്കില്‍ അത് കേരളത്തിന് ആയിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അന്നുപറഞ്ഞത്. അതിന്റെ ഫയല്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് പോയെങ്കിലും ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേ സമയം എയിംസ് അനുവദിക്കേണ്ടത് വകസനമില്ലാത്ത ജില്ലയിലാണെന്ന് അടുത്തിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ എയിംസ് കോഴിക്കോടിന് നഷ്ടമാകുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.