Connect with us

Editorial

തീരമണിഞ്ഞത് കേരളത്തിന്റെ സ്വപ്നസാക്ഷാത്കാരം

വിഴിഞ്ഞം പദ്ധതി പ്രവർത്തനം കാര്യക്ഷമമായും കൃത്യമായും പൂർത്തീകരിക്കാനായാൽ ദുബൈയും സിംഗപ്പൂരും പോലെ കേരളവും ലോകം ശ്രദ്ധിക്കുന്ന, കോടികൾ ഒഴുകിയെത്തുന്ന കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ.

Published

|

Last Updated

കേരളത്തിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാണ്, “സാൻഫെർണാണ്ടോ’ എന്ന ഭീമൻ കപ്പലിനൊപ്പം കഴിഞ്ഞ ദിവസം വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണിഞ്ഞത്. തുറമുഖത്തിന്റെ സാധ്യതകളെപ്പറ്റി പഠിക്കാൻ സമിതിയെ നിയോഗിച്ചു കൊണ്ട് 1996ൽ നായനാർ സർക്കാറായിരുന്നു വിഴിഞ്ഞം പദ്ധതി പ്രവർത്തനത്തിനു തുടക്കമിട്ടത്. പിന്നീട് മാറിമാറി അധികാരത്തിൽ വന്ന ഇടതു, വലതു സർക്കാറുകളുടെ ശ്രമഫലമായാണ്, തീരദേശ നിവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പിനെ അതിജീവിച്ച് പദ്ധതിയുടെ ഒന്നാം ഘട്ടം യാഥാർഥ്യമായത്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്തു.

വൻപ്രതീക്ഷയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ കേരളവും രാജ്യവും വെച്ചു പുലർത്തുന്നത്. ഏകദേശം 7,500 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരവും 13 മേജർ തുറമുഖങ്ങളും 180ഓളം മൈനർ തുറമുഖങ്ങളുമുണ്ടെങ്കിലും ചരക്കുനീക്കത്തിൽ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ് ആഗോള ഭൂപടത്തിൽ. ഈ രംഗത്ത് അയൽ രാജ്യമായ ശ്രീലങ്കയുടെ നേട്ടം കൈവരിക്കാൻ പോലും ഇന്ത്യക്കായിട്ടില്ല. ഇന്ത്യയിലെ ചരക്കു നീക്കത്തിൽ 70 ശതമാനവും വിദേശ വ്യാപാരത്തിന്റെ 90 ശതമാനവും കടൽ വഴിയാണ്. എങ്കിലും കൊളൊംബോ, സിംഗപ്പൂർ, ദുബൈയിലെ ജബൽ അലി എന്നീ തുറമുഖങ്ങളെ ആശ്രയിച്ചാണ് രാജ്യത്തെ അന്താരാഷട്ര ചരക്കുനീക്കത്തിന്റെ നല്ലൊരു ഭാഗവും ഇപ്പോഴും നടന്നു വരുന്നത്. ഈ തുറമുഖങ്ങളിൽ ചരക്കുകൾ ഇറക്കി ചെറിയ കപ്പലുകളിൽ കയറ്റി ഇന്ത്യയിലേക്ക് എത്തിച്ചുവരികയാണ്. വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതോടെ മറ്റ് തുറമുഖങ്ങളെ ആശ്രയിക്കുന്നത് വലിയൊരളവോളം കുറക്കാനാകും.

സഹസ്ര കോടികളാണ് ഇന്ത്യയിലേക്കുളള ചരക്കുകൾ കൈകാര്യം ചെയ്യുന്നതിന് മറ്റു തുറമുഖങ്ങൾക്ക് നൽകി വരുന്നത്. 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടിയുടെ കയറ്റുമതിയും കഴിഞ്ഞ വർഷം ഇന്ത്യ നടത്തി. ഈ വകയിൽ 4,000 കോടി രൂപയിലധികം ചെലവ് രാജ്യത്തിനുണ്ട്. 2028ൽ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതോടെ ഇതിൽ ഗണ്യഭാഗവും ലാഭിക്കാനാകുമെന്ന് കരുതുന്നു.
രാജ്യത്തെ മറ്റ് തുറമുഖങ്ങൾക്കില്ലാത്ത നിരവധി സവിശേഷതകളുണ്ട് വിഴിഞ്ഞം തുറമുഖത്തിന്. 18 മീറ്റർ സ്വാഭാവിക ആഴമാണ് മുഖ്യം. ഇതുമൂലം ലോകത്തെ എത്ര വലിയ കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാനാകും. അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ ദുരം മാത്രമേയുള്ളൂ വിഴിഞ്ഞത്തേക്ക്. അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഇത്രയും അടുത്തു നിൽക്കുന്ന മറ്റൊരു തുറമുഖം രാജ്യത്തില്ല. പദ്ധതി പൂർത്തിയാകുന്നതോടെ 30 ലക്ഷം ടി ഇ യു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും വിഴിഞ്ഞത്തിനു കൈവരും.
രാജ്യത്തിന്റെ വികസന മുന്നേറ്റത്തിലും ചാലകശക്തിയായി മാറിയേക്കും വിഴിഞ്ഞം. യു എ ഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ വികസന മുന്നേറ്റത്തിൽ പ്രധാന പങ്ക് വഹിച്ചത് അവിടുത്ത തുറമുഖങ്ങളാണ്. രാജ്യത്തിന് ചുറ്റുമുള്ള അന്താരാഷ്ട്ര തുറമുഖങ്ങൾ വഴി ലോകത്തിന്റെ ഏതുഭാഗത്തേക്കും ഉത്പന്നങ്ങൾ എത്തിക്കാനുളള സൗകര്യമാണ് ചൈനയെ ലോക വിപണിയിലെ വൻശക്തിയായി മാറാൻ സഹായിച്ച ഒരു പ്രധാന ഘടകം. സിംഗപ്പൂർ ഡി ജി പിയുടെ മുഖ്യഭാഗവും അവിടുത്തെ തുറമുഖങ്ങളെ കേന്ദ്രീകരിച്ചാണ് ലഭ്യമാകുന്നത്. വിഴിഞ്ഞം പദ്ധതി പ്രവർത്തനം കാര്യക്ഷമമായും കൃത്യമായും പൂർത്തീകരിക്കാനായാൽ ദുബൈയും സിംഗപ്പൂരും പോലെ കേരളവും ലോകം ശ്രദ്ധിക്കുന്ന, കോടികൾ ഒഴുകിയെത്തുന്ന കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ.

പദ്ധതിക്കെതിരെ നിരവധി വിമർശങ്ങൾ ഉയർന്നിട്ടുണ്ട്. അദാനിയുമായുണ്ടാക്കിയ ഒത്തുതീർപ്പ് പ്രകാരം പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും കേരളസർക്കാർ വഹിക്കണം. 8,867 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതൽ 5,595 കോടിയും വഹിക്കുന്നത് സംസ്ഥാന സർക്കാറാണ്. മാത്രമല്ല, പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്നു ഭാഗം പ്രദേശം അദാനിയുടെ കമ്പനിക്കു റിയൽ എസ്റ്റേറ്റിനായി വിട്ടുനൽകുകയും വേണം. അതേസമയം നാല് പതിറ്റാണ്ട് തുറമുഖത്തുനിന്നുള്ള ലാഭമെടുക്കുന്നത് പദ്ധതിച്ചെലവിൽ മൂന്നിലൊന്നു മാത്രം വഹിക്കുന്ന അദാനി കമ്പനിയും. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 2017ൽ നിയമസഭയിൽ സമർപ്പിച്ച റിപോർട്ടിൽ വിഴിഞ്ഞം പദ്ധതി കരാറിൽ കേരളത്തിന്റെ താത്പര്യങ്ങൾ ഹനിക്കപ്പെട്ടതായി കുറ്റപ്പെടുത്തിയിരുന്നു. പരമാവധി 30 വർഷമാണ് സാധാരണ പൊതു-സ്വകാര്യ നിർമാണ പദ്ധതികളിൽ കൺസെൻഷൻ പിരീഡ്. വിഴിഞ്ഞം പദ്ധതിയിൽ അദാനിക്ക് നാൽപ്പത് വർഷത്തെ കൺസെൻഷൻ പീരീഡ് നൽകിയപ്പോൾ അധികം അനുവദിച്ച പത്ത് വർഷക്കാലയളവിൽ അദാനി ഗ്രൂപ്പിന് ലഭിക്കുന്നത് 29,217 കോടിയുടെ അധിക വരുമാനമാണെന്ന് സി എ ജി ചൂണ്ടിക്കാട്ടി. യഥാർഥത്തിൽ ഇത് സംസ്ഥാനത്തിനു ലഭിക്കേണ്ട വരുമാനമായിരുന്നു.

കരാറിൽ സംഭവിച്ച ഈ അപാകത അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക് സമ്മതിക്കുകയും ചെയ്തു. എങ്കിലും ഇനി കരാറിൽ നിന്ന് പിന്നാക്കം പോയാൽ കേരളത്തിന് ഭീമമായ മറ്റ് നഷ്ടങ്ങൾ വരാനുണ്ടെന്ന് വ്യക്തമാക്കി പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു സർക്കാർ. നിർമാണ കാലയളവടക്കം പതിനഞ്ച് വർഷം പൂർത്തിയാകുന്നതോടെ ലാഭത്തിന്റെ ഒരു ശതമാനം സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റർ നാഷനൽ സീ പോർട്ട് ലിമിറ്റഡിന് (വിസിൽ) നൽകാൻ കരാറിൽ വ്യവസ്ഥയുണ്ടെന്നതാണ് സർക്കാറിനെ സംബന്ധിച്ചിടത്തോളം ചെറിയൊരു ആശ്വാസം. ഈ വിഹിതം ചെറിയ തോതിൽ വർധിച്ചു 40 വർഷത്തിനകം ഇരുപത്തഞ്ച് ശതമാനത്തിലെത്തും. 2035 മുതലാണ് ഈ വരുമാനം സംസ്ഥാനത്തിന് ലഭ്യമായിത്തുടങ്ങുക.

Latest