Connect with us

Kerala

കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃക: ഗവര്‍ണര്‍

കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കാഴ്ചവച്ച സമര്‍പ്പണത്തിന്റെയും ത്യാഗസന്നദ്ധതയുടെയും പേരില്‍ അവരെ സല്യൂട്ട് ചെയ്യുന്നതായും ഗവര്‍ണര്‍

Published

|

Last Updated

തൃശൂര്‍ |കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയാണെന്നും ആതുര സേവന രംഗത്തോടുള്ള മലയാളികളുടെ ആഭിമുഖ്യം അത്ഭുതപ്പെടുത്തുന്നതാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ രണ്ടാമത്തെ സെനറ്റിന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ അദ്ദേഹം.

കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കാഴ്ചവച്ച സമര്‍പ്പണത്തിന്റെയും
ത്യാഗസന്നദ്ധതയുടെയും പേരില്‍ അവരെ സല്യൂട്ട് ചെയ്യുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ആതുര സേവന രംഗം പോലെ ആര്‍ദ്രതയും സഹാനുഭൂതിയും കൂടുതല്‍ ആവശ്യമുള്ള തൊഴില്‍ മേഖലകളോട് മലയാളികള്‍ വച്ചുപുലര്‍ത്തുന്ന താല്‍പര്യം വിസ്മയകരമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചെറുപട്ടണങ്ങളില്‍ പോലും മലയാളി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സാന്നിധ്യം പ്രകടമാണ്.

ആരോഗ്യ മേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളാണ് ഓരോ നിമിഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ പുതിയ മാറ്റങ്ങള്‍ക്കൊപ്പമെത്താന്‍ നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കും സാധിക്കണം. ഈ മേഖലയിലെ പുതിയ പഠന ഗവേഷണങ്ങളും പ്രവണതകളും സ്വാംശീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും അവ എത്തിക്കാനും ശ്രമങ്ങളുണ്ടാവണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും പാരാമെഡിക്കല്‍ കോഴ്സുകളുടെ കാര്യത്തിലും കാലോചിതമായ പരിഷ്‌ക്കരണങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രിയും പ്രൊ ചാന്‍സലറുമായ വീണാ ജോര്‍ജ് പറഞ്ഞു. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. നമ്മുടെ ആതുരസേവന രംഗം അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയതു പോലെ സംസ്ഥാനത്തെ മെഡിക്കല്‍ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ സെനറ്റംഗം കൂടിയായ പി ബാലചന്ദ്രന്‍ എംഎല്‍എ, വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, പിവിസി ഡോ.സി പി വിജയന്‍, രജിസ്ട്രാര്‍ ഡോ.എ കെ മനോജ് കുമാര്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.ആഷ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.റംല ബീവി, സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എസ് അനില്‍ കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എസ് രാജേഷ്, മറ്റ് സെനറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest