Connect with us

Kerala

അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം: അലി അല്‍ ഹാശിമി

അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഐ ഐ സി ലിറ്റററി അവാര്‍ഡ് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അലി അല്‍ ഹാശിമി.

Published

|

Last Updated

മാപ്പിള ഹെറിറ്റേജ് ലൈബ്രറി പ്രസിദ്ധീകരിച്ച അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനം ശൈഖ് അലി അല്‍ ഹാഷിമി, അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി നിര്‍വഹിക്കുന്നു.

അബൂദബി | അറബി ഭാഷയുടെ സംരക്ഷണത്തിനും സാഹിത്യ വികാസത്തിനും കേരള ജനത വഹിച്ച പങ്ക് മഹത്തരമാണെന്ന് യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് സയ്യിദ് അലി അല്‍ ഹാശിമി പറഞ്ഞു. അറബി ഭാഷ പഠിക്കാനും അതിന്റെ ഔന്നിത്യം കാത്തുസൂക്ഷിക്കാനും മലയാളി സമൂഹം കാണിക്കുന്ന ഉത്സാഹം ശ്രദ്ധേയമാണ്. അറബ് സാഹിത്യ കൃതികള്‍ ഇമാറാത്തില്‍ ജനകീയമാക്കുന്നതിലും കേരളീയ സമൂഹം ഏറെ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഐ ഐ സി ലിറ്റററി അവാര്‍ഡ് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അലി അല്‍ ഹാശിമി. അറബ് നാടുകളും ഇന്ത്യയുമായുള്ള പുരാതന വാണിജ്യ ബന്ധത്തിലൂടെ വളര്‍ത്തിയെടുത്ത സാംസ്‌കാരിക പൈതൃകം ഇന്നും കേരള ജനത കാത്തുസൂക്ഷിക്കുന്നു. അറബ് ദേശത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് കേരളം അഭിമാനകരമായ വളര്‍ച്ചയാണ് കൈവരിച്ചത്.

നിരവധി തവണ കേരളം സന്ദര്‍ശിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. കേരളം അറബ് സമൂഹത്തോടും അറബി ഭാഷയോടും കാണിക്കുന്ന സ്നേഹവും വാത്സല്യവും നേരില്‍ അനുഭവിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരപോരാട്ടം അഭിമാനത്തോടെ ഓര്‍ത്തെടുക്കുകയാണ്. യു എ ഇയുടെ രാഷ്ട്രപിതാവ് ഇന്ത്യന്‍ ജനതയോട് കാണിച്ചിരുന്ന സ്നേഹം ഇവിടെ സ്മരിക്കുകയാണ്.

കേരള സമൂഹത്തോട് ഇമാറാത്ത് എല്ലാ കാലത്തും ഊഷ്മളമായ അടുപ്പം കാണിക്കുമെന്നും ശൈഖ് അലി അല്‍ ഹാശിമി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഐ ഐ സി പ്രസിഡന്റ് പി ബാവഹാജി അധ്യക്ഷത വഹിച്ചു. സി പി സൈതലവി, അബ്ദുറഹ്മാന്‍ മങ്ങാട്, അബൂദബി പോലീസ് പ്രധിനിധികളായ അലി സബീല്‍ അബ്ദുല്‍ കരീം, ആയിഷ ഷെഹ, യു അബ്ദുല്ല ഫാറൂഖി, അബൂബക്കര്‍ കുറ്റിക്കോല്‍, ബി സി അബൂബക്കര്‍, അഷ്റഫ് തൂണേരി പങ്കെടുത്തു.

ഐ ഐ സി ജനറല്‍ സെക്രട്ടറി ടി ഹിദായത്തുല്ല പറപ്പൂര്‍ സ്വാഗതം പറഞ്ഞു. മാപ്പിള ഹെറിറ്റേജ് ലൈബ്രറി പ്രസിദ്ധീകരിച്ച അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനം ശൈഖ് അലി അല്‍ ഹാഷിമി, അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി നിര്‍വഹിച്ചു.

 

.