Ongoing News
മിന്നും ജയവുമായി വീണ്ടും കേരളം; ഉത്തരാഖണ്ഡിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്
രാജ്കോട്ട് | വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും തകര്‍പ്പന്‍ ജയവുമായി കേരളം. ഉത്തരാഖണ്ഡിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് നേടിയത്. ടൂര്‍ണമെന്റിലെ കേരളത്തിന്റെ അഞ്ചാം ജയമാണിത്. മികച്ച ബാറ്റിംഗ് പുറത്തെടുത്ത് സച്ചിന്‍ ബേബി സമ്മാനിച്ച 83 റണ്‍സാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് നിശ്ചിത അമ്പതോവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി. 35.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം ലക്ഷ്യം നേടി. ഇതോടെ കേരളത്തിന് 16 പോയിന്റായി.
മികച്ച നിലയില്‍ തുടങ്ങിയെങ്കിലും കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. നായകന്‍ സഞ്ജു സാംസണ്‍ (33), മുഹമ്മദ് അസറുദ്ദീന്‍ (10), രോഹന്‍ കുന്നുമ്മല്‍ (26) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. സഞ്ജു-രോഹന്‍ സഖ്യം 60 റണ്‍സ് എടുത്തു. രോഹന്‍ പുറത്തായതിനെ തുടര്‍ന്ന് വന്ന വിഷ്ണു വിനോദ് 34 റണ്‍സെടുത്തു. സച്ചിനൊപ്പം 71 റണ്‍സാണ് വിഷ്ണു കൂട്ടിച്ചേര്‍ത്തത്. തുടര്‍ന്നെത്തിയ വിനൂപ് ഷീല മനോഹരനും (28) സച്ചിന് നല്ല പിന്തുണ നല്‍കി. വിനൂപ് വിക്കറ്റ് വീണ ശേഷം സിജോമോന്‍ ജോസഫിനെ കൂട്ടുപിടിച്ച് സച്ചിന്‍ വിജയം പൂര്‍ത്തിയാക്കി. 71 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്. ദീപേഷ് നെയല്‍വാള്‍ ഉത്തരാഖണ്ഡിനായി രണ്ട് വിക്കറ്റെടുത്തു.
നേരത്തെ, ഉത്തരാഖണ്ഡിന് നായകന്‍ ജയ് ബിസ്തയുടെ 93 റണ്‍സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ദിക്ഷന്‍ശു നേഗിയുടെ 52 ഉം വലിയ സംഭാവനയായി. കേരളത്തിനു വേണ്ടി നിതീഷ് എം ഡി മൂന്നും ബേസില്‍ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി.