Connect with us

Ongoing News

മാധ്യമ സ്വാതന്ത്ര്യത്തില്‍ കേരളം മുന്നില്‍: മന്ത്രി പി രാജീവ്

കേരള പത്രപ്രവർത്തക യൂണിയൻ സമാപന സമ്മേളനം നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കൊച്ചി | രാജ്യത്തു മാധ്യമ സ്വാതന്ത്ര്യം ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പാലാരിവട്ടം റിനൈ കൊളോസിയത്തിന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60-ആം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി.

പാരഡൈന്‍ ഷിഫ്റ്റ് മാധ്യമ പ്രവര്‍ത്തനത്തില്‍ സംഭവിച്ചിട്ടുണ്ട്. വസ്തുതയില്‍ നിന്ന് ഭാവനയിലേക്കുള്ള പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ മാധ്യമ ചരിത്രത്തില്‍ കാണാനാകും. വാര്‍ത്ത വസ്തുതാപരവും വിശകലനം സ്വതന്ത്രവുമാകണം. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വാര്‍ത്തയും വിശകലനവും പേര്‍തിരിച്ച് അറിയാന്‍ കഴിയാത്ത സ്ഥിതിയായി. മാധ്യമങ്ങള്‍ വാര്‍ത്തയുടെ വിശ്വാസ്യത കാത്തു സംരക്ഷിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണു പരിഗണിക്കപ്പെടുന്നത് ആ വിശ്വാസ്യത സംരക്ഷിക്കാന്‍ നമുക്കാകണം.

സാങ്കേതികമായി വളരെയേറെ നമ്മള്‍ മുന്നേറിയിരിക്കുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വളരെ ഗൗരവമായി കണ്ട് നേരിടാനാകണം. മാധ്യമങ്ങളുടെ വിശ്വാസ്യതയും സ്വീകാര്യതയും നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാധ്യമ സ്ഥാപനങ്ങളുടെ പോളിസികള്‍ക്കുള്ളില്‍ നിന്നു വാര്‍ത്തകള്‍ വസ്തുതാപരമായി നല്‍കാന്‍ സാധിക്കണം.

ബ്രേക്കിംഗ് ന്യൂസിന്റെ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകള്‍ നിരവധി സമ്മര്‍ദങ്ങളിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. പലപ്പോഴും റേറ്റിംഗിനായി നെഗറ്റീവ് വാര്‍ത്തകള്‍ക്കു മുന്‍തൂക്കം കൊടുക്കേണ്ടി പരുന്നുണ്ട്. വൈകാരിക തലത്തില്‍ നിന്നും മാറി വാര്‍ത്തയുടെ വസ്തുതയ്ക്കു മുന്‍തൂക്കം നല്‍കാന്‍ സാധിക്കണം. മാധ്യമ ധാര്‍മികത, വാര്‍ത്തയുടെ വിശ്വാസ്യത,വസ്തുത ഇതിനെല്ലാം മൂല്യ ചുതി സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കണം.

ഏതു വാര്‍ത്തയും വിശകലനവും പരിശോധിക്കാനും അതിനകത്തു കുറവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുമുള്ള ഒരു ക്രിയാത്മക സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ വസ്തുതാപരമായിരിക്കാനുള്ള ശ്രമവും മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം. സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധി നേരിടുമ്പോഴും ഒരു തവണ പോലും പത്രപ്രവര്‍ത്തക പെന്‍ഷന്‍ മുടങ്ങാതെ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സമസ്തമേഖലയിലും അതിവേഗത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. മാധ്യമ രംഗത്തും കാലാനുസ്യതമായ മാറ്റങ്ങള്‍ കാണാനാകും. പുത്തന്‍ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും, ക്ലൗഡ് മീഡിയയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല ഇത് നേരിടാന്‍ നമുക്കാകണമെന്നും മുഖ്യ പ്രഭാഷണം നടത്തികൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് എം വി വിനീത അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം പി, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസ്, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, ട്രഷറര്‍ സുരേഷ് വെള്ളിമംഗലം,സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍ ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ എം ഷജില്‍ കുമാര്‍, എന്നിവര്‍ പങ്കെടുത്തു.

നാളെ രാവിലെ 10 ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.