Connect with us

gst hike

അവശ്യസാധനങ്ങളുടെ പുതിയ ജി എസ് ടി വർധന പിൻവലിക്കണമെന്ന് കേന്ദ്രത്തോട് കേരളം

സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നികുതി നിർദേശങ്ങളെ കേരളം പിന്തുണയ്ക്കില്ല.

Published

|

Last Updated

തിരുവനന്തപുരം | അവശ്യസാധനങ്ങളുടെ വിലവർധനവിന് കാരണമാകുന്ന ജി എസ് ടി നിരക്കു വർധന പിൻവലിക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതുസംബന്ധിച്ച് നേരത്തേ തന്നെ കേരളത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചതാണ്. ഇന്ന് ഇതേ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമന് വീണ്ടും കത്തയച്ചു. സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നടപടികളെ കേരളം ഒരു നിലയിലും പിന്തുണക്കില്ല. ഇപ്പോൾ പുറത്തുവന്ന ജി എസ് ടി നിരക്ക് സംബന്ധിച്ച വ്യാപകമായ സംശയങ്ങളും വിമർശനങ്ങളും രാജ്യത്താകെ ഉയർന്നു വന്നിരിക്കുകയാണ്. ജി എസ് ടി നിരക്കുകൾ സംബന്ധിച്ച കമ്മിറ്റികളിലും ജി എസ് ടി കൗൺസിൽ യോഗങ്ങളിലും ഈ വിഷയത്തിൽ വളരെ കൃത്യമായി കേരളം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിത്യോപയോഗ സാധനങ്ങൾക്ക് നികുതി വർധിപ്പിക്കരുതെന്നും ഉയർന്ന വിലയുള്ള ആഡംബര സാധനങ്ങളുടെ നികുതിയാണ് വർധിപ്പിക്കേണ്ടത് എന്നുമുള്ളതാണ് കേരളത്തിൻ്റെ സുവ്യക്തമായ നിലപാട്. എന്നാൽ, ആഡംബര സാധനങ്ങളുടെ നികുതി കുറച്ചുകൊണ്ടുവരുന്ന നടപടികളാണ് രാജ്യത്ത് ഉണ്ടാകുന്നത്. 16 ശതമാനം വരെയുണ്ടായിരുന്ന റവന്യൂ ന്യൂട്രൽ നിരക്ക് ആഡംബര സാധനങ്ങളുടെ ജി എസ് ടി പല ഘട്ടങ്ങളിലായി കുറച്ചതിനെ തുടർന്ന് 11 ശതമാനത്തിലേക്ക് കുറയുകയുണ്ടായി. ഇത് സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻ ഇടിവാണ് സൃഷ്ടിച്ചത്. ഈ പ്രശ്നം ജി എസ് ടി കൗൺസിലിൽ കേരളം ചൂണ്ടിക്കാണിച്ചിരുന്നു.

25 ഓളം വസ്തുക്കളുടെ വില നിലവാരം സംബന്ധിച്ച് ഒരു പഠനം നടത്തിയപ്പോൾ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനത്തിലേക്ക് കുറച്ച ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വിലക്കുറവ് വരാതിരിക്കുകയും കമ്പനികൾക്ക് ലാഭം കൂടുകയും ചെയ്തു എന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. നികുതി കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തുന്നില്ല എന്ന് സാരം. ഇപ്പോൾ സാധാരണക്കാരുടെ നിത്യനിദാന ആവശ്യങ്ങൾക്ക് വേണ്ടിവരുന്ന വസ്തുക്കൾക്ക് വില വർധിപ്പിക്കുന്ന നിർദേശം വന്നപ്പോൾ അത് പാടില്ലെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്ന നിലപാടാണ് കേരളം ജി എസ് ടി യോഗങ്ങളിൽ സ്വീകരിച്ചത്.

എന്നാൽ നേരത്തേ പ്രഖ്യാപിച്ചതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇപ്പോൾ വിലവർധനവിലൂടെ വന്നിരിക്കുന്നത്. പലചരക്ക് കടകളിലും സൂപ്പർ മാർക്കറ്റുകളിലും ചെറിയ അളവിൽ പായ്ക്കറ്റുകളാക്കി വിൽക്കുന്ന പലചരക്ക് സാധനങ്ങൾക്കും വിലവർധിച്ചേക്കുമെന്ന ആശങ്ക ഉയർന്നു വന്നിട്ടുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് കേരളത്തിനുള്ളത്. അവശ്യ സാധനങ്ങളുടെ വില ഭീമമായി വർധിപ്പിക്കുന്നതും സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ നികുതി നിർദേശങ്ങളെ കേരളം പിന്തുണയ്ക്കില്ല. ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്കകൾ പരിഹരിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ കേന്ദ്ര ഗവണ്മെന്റ് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.