Kerala
കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി പത്മനാഭന് കേരള ജ്യോതി
സാമൂഹിക സേവന, സിവില്‍ സര്‍വീസ് മേഖലയില്‍ ജസ്റ്റിസ് (റിട്ട.) എം ഫാത്തിമ ബീവി, കലാ മേഖലയില്‍ നടരാജ കൃഷ്ണമൂര്‍ത്തി (സൂര്യ കൃഷ്ണമൂര്‍ത്തി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരം നേടി.

തിരുവനന്തപുരം | 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് കേരള പുരസ്‌കാരങ്ങള്‍. പരമോന്നത പുരസ്‌കാരമായ കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന് ലഭിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കാണ് അവാര്‍ഡ്.
സാമൂഹിക സേവന, സിവില്‍ സര്‍വീസ് മേഖലയില്‍ ജസ്റ്റിസ് (റിട്ട.) എം ഫാത്തിമ ബീവി, കലാ മേഖലയില്‍ നടരാജ കൃഷ്ണമൂര്‍ത്തി (സൂര്യ കൃഷ്ണമൂര്‍ത്തി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരം നേടി.
സാമൂഹിക സേവന മേഖലയില്‍ പുനലൂര്‍ സോമരാജന്‍, ആരോഗ്യ മേഖലയില്‍ ഡോ. വി പി ഗംഗാധരന്‍, വ്യവസായ-വാണിജ്യ മേഖലയില്‍ രവി ഡി സി, സിവില്‍ സര്‍വീസ് മേഖലയില്‍ കെ എം ചന്ദ്രശേഖര്‍, കല (സംഗീതം) മേഖലയില്‍ പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം ലഭിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വര്‍ഷത്തില്‍ ഒരാള്‍ക്കും, രണ്ടാമത്തേതായ ‘കേരള പ്രഭ’ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.