Kerala
ഒരു ഗോളില്‍ ഉത്തരാഖണ്ഡിനെ വീഴ്ത്തി; ദേശീയ ഗെയിംസ് ഫുട്‌ബോള്‍ സ്വര്‍ണം കേരളത്തിന്
കളിയുടെ 53-ാം മിനുട്ടിലാണ് കേരളത്തിന്റെ ഗോള്‍ പിറന്നത്. മുന്നേറ്റ നിര താരം എസ് ഗോകുല്‍ ആണ് സ്‌കോറര്‍.
ഹല്‍ദ്വാനി | ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം. കലാശക്കളിയില്‍ ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്. കളിയുടെ 53-ാം മിനുട്ടിലാണ് കേരളത്തിന്റെ ഗോള്‍ പിറന്നത്. മുന്നേറ്റ നിര താരം എസ് ഗോകുല്‍ ആണ് സ്‌കോറര്‍.
1977നു ശേഷം ഇതാദ്യമായാണ് ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം സ്വര്‍ണം നേടുന്നത്. കേരളത്തിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്.
ആദ്യ പകുതിയില്‍ തന്നെ ആക്രമിച്ചു കളിച്ച കേരളം നിരവധി തവണ ഗോളിന് അരികിലെത്തിയെങ്കിലും ഉത്തരാഖണ്ഡ് വല കുലുക്കാനായില്ല. പെനാല്‍ട്ടി ബോക്‌സില്‍ വച്ച് ആദില്‍ കൊടുത്ത പാസാണ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഗോകുല്‍ ഗോളിലേക്ക് കിറുകൃത്യമായി കണക്ട് ചെയ്തത്.
മത്സരത്തിന്റെ 76-ാം മിനുട്ടില്‍ കേരളത്തിന്റെ സഫ്‌വാന്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്താകുന്നതിനും മൈതാനം സാക്ഷിയായി. കേരളത്തിന്റെ ബോക്‌സിലേക്കു കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗള്‍ ചെയ്തതിനായിരുന്നു കാര്‍ഡ്. സഫ്‌വാന് ആദ്യം മഞ്ഞ കാര്‍ഡ് കാണിച്ച റഫറി പിന്നീട് ലൈന്‍ റഫറിയുമായി സംസാരിച്ച ശേഷം ചുവപ്പു കാര്‍ഡാക്കി മാറ്റുകയായിരുന്നു.
പത്തു പേരായി ചുരുങ്ങിയിട്ടും ബാക്കിയുള്ള സമയം സ്വന്തം ഗോള്‍ പ്രതിരോധിക്കാനും ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാനും കേരളത്തിനു കഴിഞ്ഞു. രണ്ടാം പകുതിയില്‍ അധിക സമയമായി റഫറി ഒമ്പത് മിനുട്ട് നല്‍കിയിട്ടും കേരള ഗോള്‍ വലയില്‍ പന്തെത്തിക്കാന്‍ ഉത്തരാഖണ്ഡിന് സാധിച്ചില്ല.