Kerala
എല്ലാ ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം
പോലീസ് സേനയുടെ ആധുനികവല്‍ക്കരണത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം| സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. എല്ലാ ജില്ലകളിലേക്കും ഡ്രോണുകളും പ്രത്യേക പരിശീലനം നേടിയ ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള ലൈസന്‍സും ഇന്ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. ഒപ്പം തദ്ദേശീയമായി വികസിപ്പിച്ച ആന്റി ഡ്രോണ്‍ സോഫ്റ്റ്വെയറും അദ്ദേഹം പുറത്തിറക്കി.
പോലീസ് സേനയുടെ ആധുനികവല്‍ക്കരണത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശീലനം ലഭിച്ച ഡ്രോണ്‍ പൈലറ്റുമാര്‍ തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കും കൈമാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേരള പോലീസ് 25 പോലീസുകാരെ മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് പ്രത്യേക പരിശീലനത്തിനായി അയച്ചിരുന്നു, കൂടാതെ 20 പേര്‍ക്ക് കേരളത്തിലെ ഡ്രോണ്‍ ലാബില്‍ നിന്ന് അടിസ്ഥാന ഡ്രോണ്‍ ഓപ്പറേഷന്‍ പരിശീലനം നല്‍കിയിരുന്നു.
ക്രമസമാധാന ആവശ്യങ്ങള്‍ക്കും ദുരന്തനിവാരണ സമയത്തും ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് സൈബര്‍ഡോം ഓഫ് കേരള പോലീസിന്റെ നോഡല്‍ ഓഫീസറായ ഐജി പി പ്രകാശ് ഐപിഎസ് വ്യക്തമാക്കി.