Connect with us

Kerala

പി ടി ഇനി ജ്വലിക്കുന്ന ഓർമ

അദ്ദേഹത്തിന്റെ അഭിലാഷ പ്രകാരം രവിപുരം ശ്മശാനത്തിൽ വൈകിട്ട് 6.45ഓടെ ഭൗതികദേഹം ദഹിപ്പിച്ചു.

Published

|

Last Updated

കൊച്ചി | പ്രമുഖ കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം എല്‍ എയുമായ പി ടി തോമസിന് കേരളം  പരിപൂർണ ഔദ്യോഗിക ബഹുമതികളോടെ വീരോചിത യാത്രയയപ്പ് നൽകി. അദ്ദേഹത്തിന്റെ അഭിലാഷ പ്രകാരം രവിപുരം ശ്മശാനത്തിൽ വൈകിട്ട് 6.45ഓടെ ഭൗതികദേഹം ദഹിപ്പിച്ചു. മക്കൾ ചിതക്ക് തീ കൊളുത്തി. അന്ത്യകർമങ്ങൾക്ക് സാക്ഷിയാകാനും അന്ത്യയാത്ര നൽകാനും ആയിരങ്ങളാണ് രവിപുരം ശ്മശാനത്തിന്റെ അകത്തും പുറത്തുമുണ്ടായിരുന്നത്. കോൺഗ്രസിന്റെ നേതാക്കളെല്ലാം സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു.

കർമമണ്ഡലമായ തൃക്കാക്കരയിലെ കമ്മ്യൂണിറ്റി ഹാളിലും പാലാരിവട്ടത്തെ വസതിയിലും ഡി സി സി ഓഫീസിലും ടൗൺഹാളിലും പ്രദർശനത്തിന് വെച്ചിരുന്നു. വസതിയിൽ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് അന്തിമോപചാരം അര്‍പ്പിക്കാനാണ് അവസരം നൽകിയത്. മന്ത്രി കൃഷ്ണന്‍കുട്ടി, കെ സുധാകരന്‍, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള ഏതാനും നേതാക്കള്‍ ഇവിടെ എത്തിയിരുന്നു. ഇവിടെ നിന്നും മൃതദേഹം ഡി സി സി ഓഫീസിലേക്കും പിന്നീട് എറണാകുളം ടൗണ്‍ഹാളിലേക്കും കൊണ്ടുപോയി.

ആദ്യ കര്‍മണ്ഡലമായ തൊടുപുഴയിലെ ഡി സി സി ഓഫീസില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം പാലാരിവട്ടത്ത് എത്തിച്ചത്. തൊടുപുഴയില്‍ നൂറ്കണക്കിന് പേര്‍ അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ തടിച്ച്കൂടിയിരുന്നു. ഇതിന് മുമ്പ് ഇടുക്കി ഉപ്പുതോട്ടിലെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു.

തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പിടി വിട പറഞ്ഞത്.

 

 

 

---- facebook comment plugin here -----

Latest