kpac lalitha
കെ പി എ സി ലളിതക്ക് വിട നൽകി കേരളം
മകൻ സിദ്ധാർഥ് ഭരതൻ ചിതക്ക് തീകൊളുത്തി
കൊച്ചി | അഭ്രപാളിയിലും അരങ്ങിലും അഭിനയത്തികവിലൂടെ ഏറെ പ്രിയങ്കരിയായ കെ പി എ സി ലളിതക്ക് കേരളം വിട നൽകി. വടക്കാഞ്ചേരിയിലെ വീടിന് സമീപമായിരുന്നു അന്ത്യകർമങ്ങൾ. മകൻ സിദ്ധാർഥ് ഭരതൻ ചിതക്ക് തീകൊളുത്തി. വൈകിട്ട് അഞ്ചിനാണ് അന്ത്യകർമങ്ങൾക്ക് തുടക്കമായത്. പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് 74കാരിയായ കെ പി എ സി ലളിത മകൻ്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് മരിച്ചത്. തൃപ്പൂണിത്തുറ പേട്ടയിലെ ഈ ഫ്ലാറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷം തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഇവിടങ്ങളിലെല്ലാം സിനിമയിലെയും മറ്റ് മേഖലകളിലെയും പ്രമുഖരും സാധാരണക്കാരും ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന് ഇവിടെ നിന്ന് തൃശൂർ സംഗീത നാടക അക്കാദമി ഹാളിലും പൊതുദർശനത്തിന് വെച്ചു. അക്കാദമി അധ്യക്ഷ കൂടിയായിരുന്നു അവർ. ഇതിന് ശേഷം ഭർത്താവ് ഭരതൻ്റെ നാടും കർമമണ്ഡലുമായ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി. അവിടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് എങ്കക്കാട്ടെ ഓർമ എന്ന വീട്ടിലേക്ക് കൊണ്ടുവന്നത്.
കരര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കെ പി എ സി ലളിത. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്‍, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങി 550ലേറെ സിനിമകളില്‍ അഭിനയിച്ചു. യഥാര്‍ഥ പേര്-മഹേശ്വരി അമ്മ. കെ പി എ സി നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്. മകൾ ശ്രീക്കുട്ടി.