Connect with us

Kerala

കേരളപ്പിറവി ദിനത്തില്‍ നല്‍കിയ പോലീസ് മെഡലില്‍ നിറയെ അക്ഷരത്തെറ്റുകള്‍

'മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍' എന്നതിന് 'മുഖ്യമന്ത്രയുടെ പോലസ് മെഡല്‍' എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പോലീസ് മെഡലില്‍ നിറയെ അക്ഷരത്തെറ്റുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത മെഡലുകളില്‍ പകുതിയോളം പേര്‍ക്കും ലഭിച്ചതില്‍ അക്ഷരതെറ്റുകളുണ്ട്.

‘മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് മെഡല്‍’ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ പിഴവ് കണ്ടെത്താനുള്ള ജാഗ്രതപോലും മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. 264 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചത്.

തിരുവനന്തപുരത്ത് എസ് എ പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകള്‍ നിറഞ്ഞ മെഡല്‍ വിതരണം നടന്നത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ ഡി ജി പി എം ആര്‍ അജിത് കുമാറിന് മെഡല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞുവച്ചിരിക്കുകയാണ്.