Connect with us

Kerala

സന്ദീപ് സിങ്ങിന്റെ കരാര്‍ 2027 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

2020-ല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേര്‍ന്നതു മുതല്‍, പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണ് ഈ 29കാരന്‍.

Published

|

Last Updated

കൊച്ചി|റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിന്റെ കരാര്‍ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാര്‍ നീട്ടല്‍.

2020-ല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേര്‍ന്നതു മുതല്‍, പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണ് ഈ 29കാരന്‍. ക്ലബ്ബിനായി 57 മത്സരങ്ങള്‍ കളിച്ച സന്ദീപ് മികച്ച പ്രകടനവും സ്ഥിരതയും കാഴ്ചവെച്ചു. പ്രതിരോധത്തില്‍ നടത്തിയ സംഭാവനകള്‍ക്ക് പുറമെ, 2022-23 ഐഎസ്എല്‍ സീസണില്‍ ഒഡിഷ എഫ്സിക്കെതിരെ അവിസ്മരണീയമായ ഒരു വിജയ ഗോള്‍ നേടിയത് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനത്തില്‍ ഒന്നാണ്.

സന്ദീപിന്റെ കരാര്‍ പുതുക്കലിനെക്കുറിച്ച് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ്:

‘സന്ദീപ് സിംഗ് ഞങ്ങളോടൊപ്പമുള്ള കരാര്‍ നീട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഐഎസ്എല്ലില്‍ അദ്ദേഹം വിശ്വസ്തനും ബഹുമുഖനുമായ കളിക്കാരനാണ്. സന്ദീപ് അദ്ദേഹത്തിന്റെ അനുഭവ പരിചയം കൊണ്ട് ടീമിനായി കൂടുതല്‍ സംഭാവനകള്‍ നല്‍കുകയും ടീമിന്റെ ഒരു പ്രധാന ഭാഗമായി തുടരുന്നതും കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്’.

കരാര്‍ പുതുക്കുന്നതിനെക്കുറിച്ച് സന്ദീപ് സിംഗ്:

‘കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയ്ക്കൊപ്പം ഉള്ള എന്റെ ഈ യാത്ര നീട്ടുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. മാനേജ്മെന്റിന്റെയും സഹതാരങ്ങളുടെയും പിന്തുണയ്ക്ക് ഞാന്‍ നന്ദിയുള്ളവനാണ്. വരും സീസണുകളില്‍ ടീമിന്റെ വിജയത്തിന് മികച്ച സംഭാവന നല്‍കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ് ഒപ്പം മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പരിശ്രമിക്കുകയും ചെയ്യും.’

സന്ദീപിന്റെ കരാര്‍ നീട്ടിയത് പ്രതിരോധ നിരക്ക് അദ്ദേഹം നല്‍കുന്ന ആഴവും പ്രാധാന്യവും അടിവരയിടുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ടീമിന്റെ ഒരു നിര്‍ണായക ഘടകമായി മാറിയ അദ്ദേഹത്തോടൊപ്പം തുടരുന്നതില്‍ ക്ലബ്ബ് ആവേശത്തിലാണ്.

ടീമിലെ മറ്റ് ഡിഫന്‍ഡര്‍മാര്‍ക്കൊപ്പം സന്ദീപിന്റെ അനുഭവപരിചയവും വൈദഗ്ധ്യവും വരും സീസണുകളില്‍ ക്ലബ്ബിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രതീക്ഷിക്കുന്നു.