Connect with us

kerala congress

കേരളാ കോണ്‍ഗ്രസ്: വളരും തോറും പിളര്‍ന്ന ആറുപതിറ്റാണ്ട്

പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് 60 ആണ്ട്

Published

|

Last Updated

കോഴിക്കോട് | കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് 60 ആണ്ട് പൂര്‍ത്തിയാവുകയാണ്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന നെറ്റിപ്പട്ടം കെട്ടിയ കേരളാ കോണ്‍ഗ്രസ് ഇന്നു കേരളത്തില്‍ ഏഴു ശാഖകളായി നിറഞ്ഞു നില്‍ക്കുന്നു.

കര്‍ഷകരുടെ പാര്‍ട്ടിയെന്നായിരുന്നു പിറവിയുടെ കാലത്ത് കേരളാ കോണ്‍ഗ്രസ്സിന്റ മുഖമുദ്ര. പിന്നീട് സമുദായത്തിന്റെ രാഷ്ട്രീയ മുഖമായി ആ പാര്‍ട്ടി പരിണമിച്ചു. പി ടി ചാക്കോ എന്ന സമുന്നതനായി നേതാവിന്റെ സ്മരണയിലാണ് കേരള കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടി പിറക്കുന്നത്. അദ്ദേഹം അന്തരിച്ച് 70 ാം ദിവസം കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന അനുസ്മരണ മഹായോഗത്തിലായിരുന്നു പാര്‍ട്ടിയുടെ പിറവി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടുപോന്ന പ്രമുഖരായ നേതാക്കളുടെ നേതൃത്വത്തില്‍ 1964 ഒക്ടോബര്‍ 9 നു ചേര്‍ന്ന ആ യോഗം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച വഴിത്തിരിവായിരുന്നു കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനം. കൂട്ടായ്മയിലൂടെ സമാഹരിച്ച പണം പി ടി ചാക്കോയുടെ കുടുംബത്തിന് കൈമാറി അദ്ദേഹത്തിന്റെ അനുയായികള്‍ മറ്റൊരു ജൈത്രയാത്രക്കു തുടക്കമിട്ടു.

കെ എം ജോര്‍ജ് സ്ഥാപക ചെയര്‍മാനും ആര്‍ ബാലകൃഷ്ണപിള്ള വൈസ് ചെയര്‍മാനും മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ജനറല്‍ സെക്രട്ടറിയുമായി പിറവികൊണ്ട നവ രാഷ്ട്രീയ ധാരക്ക് സാക്ഷാല്‍ മന്നത്തു പദ്മനാഭനാണ് കേരളാ കോണ്‍ഗ്രസ് എന്നു പേരു നല്‍കിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം കൊല്ലം ജില്ലകളില്‍ പാര്‍ട്ടിക്കു നല്ല വേരോട്ടമുണ്ടായി. വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും ധാരാളം അനുയായികളെ കിട്ടി.

കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ച് ഭാവിയെന്തെന്നു ചിന്തിച്ചു നില്‍ക്കുകയായിരുന്ന 15 എം എല്‍ എമാരെ പുതിയ പാര്‍ട്ടിയുടെ മൂലധനമാക്കി. 1965 ലെ തിരഞ്ഞെടുപ്പില്‍ 25 പേരെ നിയമസഭയിലേക്കു വിജയിപ്പിക്കാന്‍ കഴിഞ്ഞതോടെ കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് ധാര നിര്‍ണായകമായിത്തീര്‍ന്നു. അന്ന് കോണ്‍ഗ്രസിന് 40 സീറ്റും സി പി എമ്മിനു 36 സീറ്റും ലഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ 1965 ല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല.

രണ്ടു വര്‍ഷം കഴിഞ്ഞ് 67 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അഞ്ചു സീറ്റിലേക്കു ചുരുങ്ങി. 1964 ല്‍ രൂപപ്പെട്ടെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞാണ് കേരള കോണ്‍ഗ്രസ് ഒരു മുന്നണിയുടെ ഭാഗമാകുന്നത്. സി പി ഐ നേതാവ് സി അച്യുതമേനോന്‍ നയിച്ച ഐക്യമുന്നണി സര്‍ക്കാരില്‍ 1969 ല്‍ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയായി കെ എം ജോര്‍ജ്ജ് അംഗമായി.

കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണച്ച സി അച്യുതമേനോന്‍ സര്‍ക്കാരില്‍ സി പി ഐ, മുസ്ലീംലീഗ്, എസ് എസ് പി എന്നീ പാര്‍ട്ടികള്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് അധികാരം പങ്കിട്ടു. 1970 ല്‍ സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് ഐക്യമുന്നണി വിട്ടു. 1970 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. 1971 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ഐക്യമുന്നണിയില്‍ ചേര്‍ന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം തുടര്‍ന്നില്ല. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീണ്ടും ഐക്യമുന്നണി സര്‍ക്കാരില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ പ്രതിനിധികളായി സി അച്യുതമേനോന്‍ സര്‍ക്കാരില്‍ കെ എം മാണി ധന മന്ത്രിയും ആര്‍ ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയുമായി.

1977-ല്‍ കേരള കോണ്‍ഗ്രസില്‍ ആദ്യ പിളര്‍പ്പുണ്ടായി. ആര്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ പ്രവേശിച്ചു. 1979-ല്‍ കേരള കോണ്‍ഗ്രസ് മാണി, ജോസഫ് എന്നീ വിഭാഗങ്ങളായി വീണ്ടും പിളര്‍ന്നു. കെ എം മാണി കേരള കോണ്‍ഗ്രസ് (എം) എന്നും പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നും രണ്ടു പാര്‍ട്ടികളായി.

1979-ല്‍ പി കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ എം മാണി, ജോസഫ് ഗ്രൂപ്പിന്റെ പ്രതിനിധിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് ഐക്യമുന്നണി വിട്ടു. 1979 നവംബറില്‍ കെ എം മാണി ഇടതുമുന്നണിയില്‍ ചേര്‍ന്നു. 1980 ല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ എത്തി. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ കെ എം മാണി ധന മന്ത്രിയായി. 1981 ഒക്ടോബര്‍ 20ന് നായനാര്‍ മന്ത്രിസഭക്കുള്ള പിന്തുണ കെ എം മാണി പിന്‍വലിച്ചു. കോണ്‍ഗ്രസ് വിമതരായി ഇടതുപക്ഷത്തുണ്ടായിരുന്ന എ കെ ആന്റണി വിഭാഗവും പിന്‍തുണ പിന്‍വലിച്ചതോടെ നായനാര്‍ മന്ത്രിസഭ വീണു.

ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും യു ഡി എഫിലെത്തി. മാണിക്കൊപ്പം ജോസഫും ഐക്യമുന്നണിയില്‍ എത്തി. 1981 ല്‍ യു ഡു എഫ് അധികാരത്തിലെത്തി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. കെ എം മാണി വീണ്ടും ധന മന്ത്രി. 1985-ല്‍ പി ജെ ജോസഫ് കെ എം മാണിയുടെ പാര്‍ട്ടിയില്‍ ലയിച്ചു. 1985ല്‍ തന്നെ പിളര്‍ന്ന് മാറിയ മറ്റു കേരള കോണ്‍ഗ്രസ് കക്ഷികളെല്ലാം ലയിച്ച് ഐക്യ കേരള കോണ്‍ഗ്രസ് പിറന്നു. 1982-1987 ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഐക്യകേരള കോണ്‍ഗ്രസിന്റെ പ്രതിനിധികളായി കെ എം മാണി, പി ജെ ജോസഫ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ മന്ത്രിമാരായി.

1987-ല്‍ ഐക്യ കേരള കോണ്‍ഗ്രസ് പിളര്‍ന്നു. 1989-ല്‍ പി ജെ ജോസഫ് യു ഡി എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നു. 1993-ല്‍ ടി എം ജേക്കബ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാര്‍ട്ടി കേരള കോണ്‍ഗ്രസ് (ജേക്കബ്) രൂപീകരിച്ചു. ആര്‍ ബാലകൃഷ്ണപിള്ളയും തന്റെ ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. മൂന്നു ഗ്രൂപ്പും യു ഡി എഫില്‍ തുടര്‍ന്നു. 2010 ഏപ്രില്‍ 30ന് ഇടതുമുന്നണി ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് പി ജെ ജോസഫ് കെ എം മാണിയുടെ പാര്‍ട്ടിയില്‍ ലയിച്ചു.

2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ യു ഡി.എഫ് ഘടക കക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് (എം) ബാര്‍ കോഴ വിവാദത്തില്‍ 2016 ഓഗസ്റ്റ് ഏഴിന് യു ഡി എഫ് വിട്ടു. രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നല്‍കാന്‍ യു ഡി എഫില്‍ ധാരണ ആയതിനെ തുടര്‍ന്ന് 2018 ജൂണില്‍ കേരള കോണ്‍ഗ്രസ് (എം) വീണ്ടും യു ഡി എഫില്‍ എത്തി. 2020 ജൂണ്‍ 20ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫില്‍ നിന്നു പുറത്താക്കി. 2020 ഒക്ടോബര്‍ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണിക്ക് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി ഉത്തരവ് 2021 മാര്‍ച്ചില്‍ സുപ്രീം കോടതി ശരിവച്ചു.

അസ്ഥിത്വം നഷ്ടപ്പെട്ട പി ജെ ജോസഫ് വിഭാഗം 2021 മാര്‍ച്ചില്‍ പി സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നം അനുവദിച്ചു. യു ഡി എഫ് ഘടകകക്ഷിയായി 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റിലാണു ജയിക്കാനായത്.

കേരള കോണ്‍ഗ്രസ്‌കേരള കോണ്‍ഗ്രസ് (എം) നു കേരളത്തില്‍ സംസ്ഥാന കക്ഷി അംഗീകാരം ലഭിച്ചു. കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (ബി), കേരള കോണ്‍ഗ്രസ് (ജേക്കബ്), കേരള കോണ്‍ഗ്രസ് (സെക്യുലര്‍), കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിങ്ങനെ ഏഴു വിഭാഗങ്ങളായി കേരള കോണ്‍ഗ്രസ് ഇന്നു കേരള രാഷ്ട്രീയത്തില്‍ തുടരുന്നു.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest