Connect with us

Kerala

ഛത്തിസ്ഗഡിനെയും തകര്‍ത്ത് കേരളം; വിജയം അഞ്ച് വിക്കറ്റിന്

Published

|

Last Updated

രാജ്കോട്ട് | വിജയ് ഹസാരേ ട്രോഫിയില്‍ ഛത്തിസ്ഗഡിനെയും തകര്‍ത്ത് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. ടോസ് നേടിയ ഛത്തിസ്ഗഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 189 റണ്‍സില്‍ എതിരാളികളെ ഒതുക്കാന്‍ കേരളത്തിനായി. 190 റണ്‍സ് വിജയലക്ഷ്യം 34.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു.
10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത സിജോമോന്‍ ജോസഫാണ് കേരള ബൗളിങില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രക്കെതിരെ സിജോ ബാറ്റിങില്‍ തിളങ്ങിയിരുന്നു. 98 റണ്‍സെടുത്ത നായകന്‍ ഹര്‍പ്രീത് സിങിന് മാത്രമാണ് ഛത്തിസ്ഗഡ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. 128 പന്തില്‍ 11 ഫോറും ഒരുസിക്സും ഹര്‍പ്രീതിന്റെ ബാറ്റില്‍ നിന്ന് പിറന്നു. സംജീത് ദേശായി 32 റണ്‍സെടുത്തു. കേരളത്തിനായി ബേസില്‍ തമ്പിയും എം ഡി നിധീഷും ഈരണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അസ്ഹറുദ്ദീനും ചേര്‍ന്ന് നല്‍കിയത്. 82 റണ്‍സെടുത്ത ശേഷമാണ് ഓപ്പണിങ് ജോഡി പിരിഞ്ഞത്. രോഹന്‍ 36 പന്തില്‍ നിന്ന് 36 ഉം അസ്ഹറുദ്ദീന്‍ 37 പന്തില്‍ നിന്ന് 45 ഉം റണ്‍സെടുത്ത് പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ നായകന്‍ സഞ്ജു സാംസണും 16 ാം ഓവറില്‍ നാല് റണ്‍സുമായി സച്ചിന്‍ ബേബിയും പുറത്തായതോടെ കേരളത്തിന്റെ നില അല്‍പം പരുങ്ങലിലായി. എന്നാല്‍ വിനൂപ് മനോഹരന് സിജോമോന്‍ കൂട്ടെത്തിയതോടെ കേരളം തിരിച്ചുവന്നു. 72 പന്തില്‍ നിന്ന് 54 റണ്‍സോടെ പുറത്താകാതെ നിന്ന വിനൂപിന്റെ ബാറ്റിങ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സിജോമോന്‍ 27 റണ്‍സെടുത്തു. വിഷ്ണു വിനോദ് 26 റണ്‍സോടെ പുറത്താകാതെ നിന്നു. ഗ്രൂപ്പ് ഡിയില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. ഡിസംബര്‍ 14 ന് ഉത്തരാഖണ്ഡിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

 

Latest