Kerala
ഗുരുതര പരുക്കേറ്റ പ്രവാസി മലയാളിക്ക് കേരളത്തിന്റെ കൈത്താങ്ങ്
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിന്റെ സമയോചിതമായ ഇടപെടലാണ് ഇതിനു വഴിയൊരുക്കിയത്.
ന്യൂഡല്‍ഹി | സഊദി അറേബ്യയില്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ മലയാളിക്ക് കേരളത്തില്‍ വിദഗ്ധ ചികിത്സയ്ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിന്റെ സമയോചിതമായ ഇടപെടലാണ് ഇതിനു വഴിയൊരുക്കിയത്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട്, പരുക്കേറ്റ മലയാളിയെ കേരളത്തിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.റംസാല്‍ തേക്കുംകാട്ടില്‍ സലിമാണ് അപകടത്തില്‍ സാരമായ പരുക്കേറ്റ് പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് ആശുപത്രിയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി ലോക കേരള മലയാളി സഭ അംഗം നിസാര്‍ ഇബ്രാഹിമാണ് വിഷയം കെ.വി. തോമസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സലീമിനു വിദഗ്ധ ചികിത്സ നല്‍കുന്നതിന് നാട്ടില്‍ എത്തിക്കണമെന്നായിരുന്നു അഭ്യര്‍ഥന. അടിയന്തരമായി കെ.വി.തോമസ് ശ്രമിച്ചതിനെ തുടര്‍ന്ന് സ്ട്രെച്ചര്‍ ടിക്കറ്റില്‍ വിമാനമാര്‍ഗം സലീമിനെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ എംബസി നടത്തുകയായിരുന്നു.