Connect with us

Editorial

മന്ത്രിതല യോഗത്തിലും കേരളത്തിന് അവഗണന മാത്രം

കേന്ദ്ര പദ്ധതികളും ഗ്രാന്‍ഡുകളും അനുവദിക്കല്‍, ബജറ്റ് വിഹിതം, ദുരിതാശ്വാസ സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കേരളത്തോട് വിശേഷിച്ചും വിവേചനപരമായ നിലപാടാണ് കേന്ദ്രം കാലങ്ങളായി സ്വീകരിച്ചു വരുന്നത്.

Published

|

Last Updated

കേന്ദ്ര ബജറ്റിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന കൃഷി മന്ത്രിമാരുടെ യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അവഗണന. കേന്ദ്ര കൃഷി മന്ത്രി ശിവ്്രാജ് സിംഗ് ചൗഹാന്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് സംസാരിക്കാന്‍ സമയം നല്‍കിയില്ലെന്ന് മൂന്ന് സംസ്ഥാനങ്ങളും പരാതിപ്പെടുന്നു. യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം തേടിയെന്നു വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നു കേന്ദ്ര മന്ത്രിയുടെ ലക്ഷ്യമെന്നാണ് കേരള കൃഷി മന്ത്രി പി പ്രസാദ് പറയുന്നത്. കേരളത്തെ സംസാരിക്കാന്‍ അനുവദിക്കാതെ യോഗം അവസാനിപ്പിച്ചതില്‍ അദ്ദേഹം കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

കേന്ദ്ര പദ്ധതികളും ഗ്രാന്റുകളും അനുവദിക്കല്‍, ബജറ്റ് വിഹിതം, ദുരിതാശ്വാസ സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് പൊതുവിലും കേരളത്തോട് വിശേഷിച്ചും വിവേചനപരമായ നിലപാടാണ് കേന്ദ്രം കാലങ്ങളായി സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്ര ബജറ്റിനു പിന്നാലെ കേരളവും തമിഴ്നാടും കര്‍ണാടകയും കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ നടത്തേണ്ടി വന്നതിന്റെ സാഹചര്യമിതാണ്. ബി ജെ പി നേരിട്ടോ ബി ജെ പിയുടെ പങ്കാളിത്തത്തോടെയോ ഭരണം നടത്തുന്ന സംസ്ഥാനങ്ങളോട് ലാളനയും പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അവഗണനയുമെന്നതാണ് കേന്ദ്രം അനുവര്‍ത്തിച്ചു വരുന്ന നയം. കക്ഷിരാഷ്ട്രീയം മാനദണ്ഡമാക്കിയാണ് നികുതി വരുമാന വിഭജനം. അധികാര, സാമ്പത്തിക വിതരണത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നീതിയും സമത്വവും പാലിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് കടകവിരുദ്ധമാണിത്.

കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും സഹകരിച്ചു പ്രവര്‍ത്തിക്കുകയെന്നതാണ് ഫെഡറല്‍ രീതി. ശക്തമായ കേന്ദ്ര ഭരണകൂടവും സംതൃപ്തരായ സംസ്ഥാനങ്ങളുമാണ് കരുത്തുറ്റ ഫെഡറലിസത്തിന്റെ അടിത്തറ. വിഭവങ്ങള്‍ വിഭജിക്കുന്നതിലും അധികാരങ്ങള്‍ പങ്കിടുന്നതിലും കേന്ദ്രം നീതിപാലിക്കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് സംതൃപ്തി കൈവരുന്നത്. രാജ്യത്തിന്റെ സമ്പത്ത് ഇന്ത്യക്കാരുടെ ക്ഷേമത്തിനും പുരോഗതിക്കും എന്നതായിരിക്കണം കേന്ദ്ര സര്‍ക്കാറിന്റെ നയം. ഇന്ത്യന്‍ പൗരന്മാരെ തുല്യരായി കാണാനുള്ള വിശാലമായ കാഴ്ചപ്പാടുണ്ടാകണം. തങ്ങളുമായി രാഷ്ട്രീയ അടുപ്പമുള്ള കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം പ്രത്യേക പരിഗണന അരുത്. പക്ഷേ, ഇതാണ് നിലവില്‍ കേന്ദ്രത്തിന്റെ സമീപനം. ചില സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നു. ചില സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് പോലും നല്‍കാതെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.

കേന്ദ്രത്തിനു മുമ്പാകെ സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായിരുന്ന ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കി. സംസ്ഥാനങ്ങളുടെ പരാതികളും പരാധീനതകളും അവതരിപ്പിക്കാനുള്ള ദേശീയ വികസന കൗണ്‍സില്‍ നോക്കുകുത്തിയായി മാറുകയും ചെയ്തു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന മന്ത്രിതല സമ്മേളനങ്ങളിലും പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് അവഗണന. ഡല്‍ഹിയില്‍ നേരിട്ടുചെന്ന് കാര്യങ്ങള്‍ ബോധിപ്പിക്കാമെന്നു വന്നാലും കേന്ദ്രം മുഖം തിരിക്കുന്നു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തില്‍ തന്നെ സന്ദര്‍ശിക്കാന്‍ വന്ന സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചക്ക് അവസരം നല്‍കാതെ നിഷേധാത്മക നിലപാടാണല്ലോ പ്രധാനമന്ത്രി പോലും കാണിച്ചത്.

ഇത്തരം കൊടിയ വിവേചനങ്ങളാണ് ജനങ്ങളെ വിഘടനവാദത്തിലേക്ക് നയിക്കുന്നത്. വന്‍ വിവാദമായതാണ് ‘ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക രാജ്യ’മെന്ന കര്‍ണാടക കോണ്‍ഗ്രസ്സ് എം പി. ഡി കെ സുരേഷിന്റെ പ്രസ്താവന. കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ട് വിഹിതത്തിലെ അനീതിയാണ് 2024 ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റ് അവതരണത്തിനു പിന്നാലെ ഡി കെ സുരേഷിനെ ഇത്തരമൊരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചത്.

കേന്ദ്രത്തിന് കൂടുതല്‍ ജി എസ് ടി വിഹിതം നല്‍കുന്ന സംസ്ഥാനങ്ങളില്‍ കര്‍ണാടക രണ്ടാം സ്ഥാനത്തായിട്ടും ബജറ്റില്‍ കര്‍ണാടകക്ക് വിഹിതം കുറവായിരുന്നു. അതേസമയം ജി എസ് ടി വിഹിതം കുറവായ ഗുജറാത്ത് തുടങ്ങി ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം അനുവദിക്കുകയും ചെയ്തു. ഇതേക്കുറിച്ച്, ദക്ഷിണേന്ത്യന്‍ പണം കേന്ദ്രം ഉത്തരേന്ത്യക്ക് നല്‍കുകയാണെന്നു കുറ്റപ്പെടുത്തിയ ഡി കെ സുരേഷ്, പ്രത്യേക രാഷ്ട്രത്തിനു വേണ്ടി വാദിക്കാന്‍ ഇടയാക്കിയത് ഈ പ്രകടമായ വിവേചനമാണെന്ന് തുറന്നു പറയുകയും ചെയ്തു. ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ തീവ്രവാദ പ്രസ്ഥാനം ഉടലെടുത്തതും സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്ട്രത്തിനു വേണ്ടി മുറവിളി ഉയര്‍ന്നതും പഞ്ചാബിനോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്ന പരാതിയെ ചൊല്ലിയാണ്. കേന്ദ്ര വിഹിതം അനുവദിക്കുന്നതിലും മറ്റു വികസന പ്രവര്‍ത്തനങ്ങളിലും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം നീതിപൂര്‍വകമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം അപശബ്ദങ്ങള്‍ ഉയരുകയില്ലായിരുന്നു.

‘ഫെഡറലിസവും അതിന്റെ സാധ്യതകളും’ എന്ന വിഷയത്തില്‍ അടുത്തിടെ ഒരു മറാത്തി പത്രം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ‘വികസനമെന്ന പൊതുലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണ സംവിധാനമാണ് ഫെഡറലിസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഏകശിലാ സങ്കല്‍പ്പമല്ല ഫെഡറലിസം’. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കലും വിവിധ സമുദായങ്ങളുടെ അസ്തിത്വം ഉറപ്പാക്കലും ഫെഡറലിസത്തില്‍ അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈയൊരു നിലപാടിലേക്ക് ഇറങ്ങി വരേണ്ടതുണ്ട് മോദി സര്‍ക്കാര്‍.

 

Latest