Kerala
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസാക്കണമെന്ന കേന്ദ്ര നിര്‍ദേശം വീണ്ടും തള്ളി കേരളം
ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസില്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം| ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസാക്കണമെന്ന കേന്ദ്രനിര്‍ദേശം വീണ്ടും തള്ളി കേരളം. ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസില്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അഞ്ചുവയസില്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശം കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് മുതല്‍ ആറ് വരെയുള്ള പ്രായം നഴ്‌സറി, കെജി തലമാണ്.പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി അര്‍ച്ച ശര്‍മ ആവസ്തി വീണ്ടും കത്തയച്ചത്. മാറ്റം വരുത്തി മാര്‍ഗ രേഖ പ്രസിദ്ധീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് പൂര്‍ത്തിയാകണമെന്നത് ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിര്‍ദ്ദേശമാണ്. ഇതു നടപ്പാക്കണമെന്ന് 2021 മാര്‍ച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 14 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് ആക്കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വരുന്ന അധ്യായന വര്‍ഷം മുതല്‍ നടപ്പാക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 536 കുട്ടികള്‍ ഗള്‍ഫിലും 285 പേര്‍ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നിന് മൂല്യനിര്‍ണയം തുടങ്ങുമെന്നും മേയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്ററി അധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുന്‍നിശ്ചയിച്ച പ്രകാരം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം ഗൗരവമായി കാണുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.