First Gear
ഏഥര്‍ എനര്‍ജിയുടെ മൂന്നാമത്തെ വിപണിയായി കേരളം
450എക്‌സ് മോഡലിന്റെ പുത്തന്‍ എന്‍ട്രി ലെവല്‍ വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ് ഏഥര്‍.
കോഴിക്കോട്| ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മികച്ച വിപണിയാണ് കേരളം. ഇലക്ട്രിക് കാറുകള്‍, സ്‌കൂട്ടറുകള്‍, ബൈക്കുകള്‍ എന്നിവയ്‌ക്കെല്ലാം കേരളം മികച്ചതാണ്. കേരളത്തിലെ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയില്‍ 20 മുതല്‍ 25 ശതമാനം വരെ വളര്‍ച്ചയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഏഥര്‍ എനര്‍ജി എന്ന കമ്പനി തങ്ങളുടെ മൂന്നാമത്തെ വിപണിയായി കാണുന്നതും കേരളത്തെയാണ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് ഷോറൂമുകളില്‍ തുടങ്ങി പതിനൊന്ന് ഷോറൂമുകളിലൂടെ കമ്പനി ഇതുവരെ വിറ്റത് 14000 യൂണിറ്റുകളാണ്. ഏഥര്‍ സ്‌കൂട്ടര്‍ നല്‍കുന്നത് 146 കിലോമീറ്റര്‍ റേഞ്ചാണ്.
450എക്‌സ് മോഡലിന്റെ പുത്തന്‍ എന്‍ട്രി ലെവല്‍ വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ് ഏഥര്‍. കുറഞ്ഞ വിലയിലാണ് മോഡല്‍ എത്തുന്നത്. 98,183 രൂപയ്ക്കാണ് പുതിയ 450എക്‌സ് വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്ലോ ചാര്‍ജറിനൊപ്പമാവും പുതിയ എന്‍ട്രി ലെവല്‍ 450എക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥര്‍ എനര്‍ജി വാങ്ങാന്‍ കഴിയുക.
എല്ലാ ഫീച്ചറുകളും സവിശേഷതകളും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രോ പായ്ക്ക് സജ്ജീകരിച്ച വേരിയന്റ് തന്നെ വാങ്ങാം. ഇതിനായി 1,28,443 രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുന്‍ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വിലകള്‍ ഏകദേശം 10,000 രൂപ മുതല്‍ 15,000 രൂപ വരെ ലാഭിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഈ അധിക തുകയ്ക്ക് ഫാസ്റ്റ് ചാര്‍ജര്‍ പോലുള്ള സംവിധാനങ്ങള്‍ കൂടെ കിട്ടുമെന്നതാണ് പ്രത്യേകത.
ഏഥര്‍ നിലവില്‍ 450 പ്ലസ്, 450എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടമകള്‍ക്ക് അവരുടെ വാഹനങ്ങള്‍ മിനിറ്റിന് 1.5 കിമീ/ മിനിറ്റ് എന്ന വേഗതയില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു.