Connect with us

Kerala

കേരളം രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട് വികസനം അത്ര കണ്ടിട്ടില്ല; ലേഖനത്തില്‍ പറഞ്ഞത് വസ്തുത: ശശി തരൂര്‍

കഴിഞ്ഞ പതിനെട്ടുമാസത്തെ കണക്കാണ് താന്‍ എഴുതിയത്, ഈ കാലയളവില്‍ ഉണ്ടായ മാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിക്കുമെന്നും വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയാതീതമായി നില്‍ക്കണം.രണ്ട് വര്‍ഷം മുമ്പ് വരെ വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ 28ാം സ്ഥാനത്തായിരുന്നു കേരളം.അതില്‍ നിന്നും ഒന്നാം സ്ഥാനത്തേക്ക് എത്തിയാല്‍ അത് അംഗീകരിക്കണം.ഈ കാലയളവില്‍ ഉണ്ടായ മാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിക്കാനും മോശം കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അധിക്ഷേപിക്കുന്നതുമാണ് തന്റെ രീതി.കേരളം രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വികസനം അത്ര കണ്ടിട്ടില്ല. വികസനത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പോകണം. കഴിഞ്ഞ പതിനെട്ടുമാസത്തെ കണക്കാണ് താന്‍ എഴുതിയത്. വ്യവസായ മന്ത്രിയുടെ പ്രസംഗത്തില്‍ നിന്നാണ് സംരംഭം തുടങ്ങാന്‍ മൂന്ന് മിനിറ്റ് മതിയെന്ന കാര്യം കിട്ടിയത്. അന്വേഷിച്ചപ്പോള്‍ അത് ശരിയാണെന്ന് ബോധ്യപ്പെട്ടു.തുടര്‍ന്നാണ് ലേഖനത്തില്‍ എഴുതിയത്.
ആര് നല്ലത് ചെയ്താലും അതിനെ പ്രോത്സാഹിപ്പിക്കണം. തന്റെ ലേഖനം പ്രതിപക്ഷ നേതാവ് വായിച്ചാല്‍ സ്റ്റാറ്റിസ്റ്റിക്സ് എവിടെ നിന്ന് ലഭിച്ചുവെന്ന് അദ്ദേഹത്തിന് അപ്പോള്‍ മനസിലാകും. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്. റിപ്പോര്‍ട്ട് നോക്കിയാല്‍ ആര്‍ക്കും അത് മനസിലാകുമെന്നും തരൂര്‍ പറഞ്ഞു.

കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്നുള്ളത് നാഷണല്‍ റാങ്കിങ് ആണ്.അല്ലാതെ സിപിഎം ഇറക്കുന്ന റാങ്കിങ് അല്ല. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല.നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി കേരളത്തില്‍ സംരംഭങ്ങള്‍ വേണം. ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ഇതെല്ലാം ചെയ്യാനുള്ള കഴിവ് എല്‍ഡിഎഫിന് ഇല്ലെന്നാണ് താന്‍ ആക്കാലത്ത് കരുതിയത്.വികസനത്തിന് വേണ്ടി ആര് പ്രവര്‍ത്തിച്ചാലും അത് അംഗീകരിക്കണം.ജനങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കേണ്ടത്.
താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവ് അല്ല. സംസാരിക്കുന്നത് ഒരു വ്യക്തിയായിട്ടാണ്.വിവാദം സൃഷ്ടിക്കുന്നവര്‍ അതുമായി മുന്നോട്ട് പോകട്ടെ.തനിക്ക് ഒരുമാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest