Connect with us

Editorial

വീണ്ടും നിപ്പാ ഭീതിയില്‍ കേരളം

കേരളത്തിലെ പഴംതീനി വവ്വാലുകളില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യമുണ്ടെന്നും വവ്വാലുകള്‍ക്കിടയില്‍ നിശബ്ദ വ്യാപനം നടക്കുന്നുവെന്നുമാണ് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ നിഗമനം. കേരളത്തില്‍ കാണപ്പെടുന്ന 33 ഇനം വവ്വാലുകളില്‍ ഏഴിനം വൈറസ് വാഹകരാകാമെന്നും മറ്റൊരു പഠനം അഭിപ്രായപ്പെടുന്നു.

Published

|

Last Updated

ലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ 14 വയസ്സുകാരന്‍ വിദ്യാര്‍ഥി നിപ്പാ ബാധിച്ചു മരിച്ചതോടെ കേരളം വീണ്ടും നിപ്പാ ഭീതിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് രോഗം ബാധിച്ച പാണ്ടിക്കാട് സ്വദേശി ഇന്നലെ ഉച്ചയോടെ മരിച്ചത്. രോഗിയെ രക്ഷിക്കാനായി ആസ്‌ത്രേലിയയില്‍ നിന്ന് ആന്റിബോഡി മരുന്നും പുനെയില്‍ നിന്ന് പ്രതിരോധ മരുന്നും എത്തിച്ചിരുന്നുവെങ്കിലും അവ പ്രയോഗിക്കുന്നതിനു മുമ്പേ മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്തെ വൈറോളജി ലാബുകളിലെയും പുനെ വൈറോറളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും പരിശോധനകളിലാണ് ചെമ്പ്രശ്ശേരിയിലെ വിദ്യാര്‍ഥിയില്‍ നിപ്പാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ പാണ്ടിക്കാടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും വിദ്യാര്‍ഥിയുമായി ഇടപഴകിയവരെ തീവ്ര നിരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയുമാണ് ആരോഗ്യ വകുപ്പ്. മലപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ. ആറ് വര്‍ഷം മുമ്പ് 2018 മെയ് അഞ്ചിന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ആദ്യമായി നിപ്പാ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 18 പേര്‍ക്ക് രോഗം ബാധിക്കുകയും 17 പേര്‍ മരിക്കുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളെ ആഴ്ചകളോളം അത് ഭീതിയിലാഴ്ത്തി. ആദ്യമരണം കഴിഞ്ഞ് 12 ദിവസങ്ങള്‍ക്കു ശേഷമാണ് അജ്ഞാത വൈറസാണെന്ന് ആരോഗ്യ വകുപ്പിന് സംശയം ജനിക്കുന്നത്. തുടര്‍ന്നു നടന്ന വിദഗ്ധ പരിശോധനയില്‍ മെയ് 19നാണ് നിപ്പാ വൈറസാണെന്ന സ്ഥിരീകരണമുണ്ടായത്.

2019ല്‍ എറണാകുളത്ത് 23 വയസ്സുള്ള യുവാവിലാണ് രണ്ടാം തവണ വൈറസിന്റെ സാന്നിധ്യം അനുഭവപ്പെട്ടത്. പേരാമ്പ്രയിലെ രോഗബാധയുടെയും നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെയും അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ അന്ന് രോഗവ്യാപനം തടയാന്‍ കഴിഞ്ഞു. 2021ല്‍ കോഴിക്കോട് ജില്ലയിലെ മുന്നൂരിലായിരുന്നു മൂന്നാമത് വൈറസ് എത്തിയത്. 12 വയസ്സുകാരന്‍ മരണപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കോഴിക്കോട്ടായിരുന്നു നാലാമത് രോഗബാധ. ആറ് പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ ശക്തമായ പ്രവര്‍ത്തനം കൊണ്ട് മരണം ഒഴിവാക്കാനായി.

വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ഐ സി എം ആറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ നിപ്പാ വൈറസ് കണ്ടെത്തിയിരുന്നു. പഴംതീനി വവ്വാലുകളിലാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായി നിപ്പാ ബാധിച്ച രോഗിയില്‍ വവ്വാലില്‍ നിന്ന് ഏതു മാര്‍ഗേണയാണ് വൈറസ് എത്തിയതെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ച പഴങ്ങളില്‍ നിന്നോ അവയുടെ വിസര്‍ജ്യം വഴിയോ ആയിരിക്കാം. അല്ലെങ്കില്‍ വവ്വാലില്‍ നിന്ന് രോഗം പകര്‍ന്ന മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആകാം. മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് രോഗബാധ കണ്ടുവരുന്നത്. വവ്വാലുകളില്‍ ഇണ ചേരലും പ്രജനനവും നടക്കുന്നത് ഇക്കാലത്താണ്. നമ്മുടെ നാട്ടില്‍ പഴങ്ങള്‍ മൂത്ത് പഴുക്കുന്നതും പഴങ്ങള്‍ സുലഭമായി ലഭിക്കുന്നതും ഈ കാലത്ത് തന്നെ.

1998ല്‍ മലേഷ്യയിലെ കാപുംഗ് സുപായ് നിപ്പാ എന്ന സ്ഥലത്താണ് ലോകത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. ഇന്ത്യയില്‍ 2001ലാണ് വൈറസിന്റെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്. ബംഗാളിലെ സിലിഗുഡിയില്‍ 71 പേര്‍ക്കാണ് അന്ന് രോഗം ബാധിച്ചത്. 50 പേര്‍ മരിച്ചു. 2007 ഏപ്രിലില്‍ ബംഗാളില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന നാദിയ ജില്ലയിലെ ബെലെചുപാറയില്‍ പിന്നെയും രോഗബാധയുണ്ടായി. 30 പേര്‍ക്ക് ബാധിച്ചതില്‍ അഞ്ച് പേര്‍ മരിച്ചു. ലോകാരോഗ്യ സംഘടന മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് മാത്രം പകരുന്ന “സൂനോറ്റിക് ഡിസീസ്’ വിഭാഗം രോഗങ്ങളുടെ ഗണത്തിലാണ് നിപ്പായെ ഉള്‍പ്പെടുത്തിയത്. ജനിതകമാറ്റം സംഭവിച്ചതു കൊണ്ടായിരിക്കാം വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ തുടങ്ങിയതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

കേരളത്തിലെ പഴംതീനി വവ്വാലുകളില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യമുണ്ടെന്നും വവ്വാലുകള്‍ക്കിടയില്‍ നിശബ്ദ വ്യാപനം നടക്കുന്നുവെന്നുമാണ് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ നിഗമനം. കേരളത്തില്‍ കാണപ്പെടുന്ന 33 ഇനം വവ്വാലുകളില്‍ ഏഴിനം വൈറസ് വാഹകരാകാമെന്നും മറ്റൊരു പഠനം അഭിപ്രായപ്പെടുന്നു. എന്നാല്‍ പഴംതീനി വവ്വാലുകളില്‍ മാത്രമേ ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളൂ. സംസ്ഥാനത്തെ മറ്റു ഇനത്തില്‍ പെട്ട വവ്വാലുകളെ കൂടി വിശദ പഠനത്തിനു വിധേയമാക്കിയാല്‍ മാത്രമേ അവയിലെ സാന്നിധ്യം സ്ഥിരീകരിക്കാനാകുകയുള്ളൂ.

രോഗം ബാധിച്ചു കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ തലച്ചോറും ഹൃദയവും ഗുരുതരാവസ്ഥയിലെത്താന്‍ സാധ്യതയുള്ളതാണ് നിപ്പാ. രോഗബാധിത പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ കനത്ത ജാഗ്രത പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയുമാണ് രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. രോഗിയുമായി ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക, രോഗബാധ സംശയിക്കുന്ന വ്യക്തിയോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും മാസ്‌കും കൈയുറകളും ധരിക്കുക, രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ പ്രത്യേകം സൂക്ഷിക്കുക, രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ പ്രത്യേകം അലക്കി ഉണക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത്. വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ചതെന്ന് സംശയിക്കപ്പെടുന്ന പഴവര്‍ഗങ്ങള്‍ ഭക്ഷിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ സംശയിച്ചാല്‍ താമസിയാതെ വിദഗ്ധ വൈദ്യസഹായം തേടുകയും വേണം.

 

Latest