Connect with us

Ongoing News

പെരുന്നാള്‍ സന്തോഷം; ഏഴാം വട്ടം കപ്പില്‍ മുത്തമിട്ട് കേരളം

ഇന്ന് നടന്ന കലാശപ്പോരില്‍ ബംഗാളിനെതിരെ ഷൂട്ടൗട്ടിലാണ് വിജയം. അഞ്ച് കിക്കുകള്‍ മുഴുവന്‍ കേരളം വലയിലെത്തിച്ചപ്പോള്‍ ബംഗാളിന്റെ ഒരു കിക്ക് പാഴായി.

Published

|

Last Updated

മഞ്ചേരി | സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഏഴാം വട്ടം കപ്പില്‍ മുത്തമിട്ട് കേരളം. ഇന്നലെ നടന്ന കലാശപ്പോരില്‍ ബംഗാളിനെതിരെ ഷൂട്ടൗട്ടിലാണ് വിജയം. അഞ്ച് കിക്കുകള്‍ മുഴുവന്‍ കേരളം വലയിലെത്തിച്ചപ്പോള്‍ ബംഗാളിന്റെ ഒരു കിക്ക് പാഴായി (5-4). 2018ന് ശേഷം കേരളം നേടുന്ന ആദ്യ കിരീടം കൂടിയാണിത്. പയ്യനാട് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് കിരീടം ഉയര്‍ത്തി.

നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായിരുന്നതിനെ തുടര്‍ന്ന് കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ കേരളത്തെയും മഞ്ചേരി സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞിരുന്ന ആരാധകരെയും ഞെട്ടിച്ച് ബംഗാള്‍ സ്‌കോര്‍ ചെയ്തു. 96ാം മിനുട്ടില്‍ കേരളത്തിന്റെ പ്രതിരോധ താരം മുഹമ്മദ് ഷഹീഫിന്റെ ഫിനിഷിംഗില്‍ വന്ന പിഴവ് മുതലെടുത്ത് സുപ്രിയ പണ്ഡിറ്റ് ഇടത് വിംഗില്‍ നിന്ന് നല്‍കിയ ഉയര്‍ന്ന ക്രോസ് ദിലീപ് ഓറണ്‍ ബോക്സില്‍ നിന്ന് ഹെഡ്ഡ് ചെയ്ത് കേരളത്തിന്റെ വലയിലെത്തിച്ചു (1-0). എക്‌സ്ട്രാം ടൈം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കെ ആശങ്കകള്‍ക്ക് വിരാമമിട്ട് കേരളത്തിന്റെ സമനില ഗോള്‍ പിറന്നു. മുഹമ്മദ് സഫ്‌നാദ് ആണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തേരിലേറ്റിക്കൊണ്ട് ലക്ഷ്യം കണ്ടത്. വലതു വിംഗില്‍ നിന്നും ലോബ് ചെയ്്തു കിട്ടിയ പന്ത് സഫ്‌നാദ് തല കൊണ്ട് ബംഗാള്‍ വലയിലേക്ക് ചെത്തിയിടുകയായിരുന്നു (1-1). ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ബംഗാളിന്റെ സജല്‍ ബാഗ് കിക്ക് പാഴാക്കിയപ്പോള്‍ കേരളം അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.

Latest